പെട്ടിമുടി : പെട്ടിമുടി ദുരന്ത ബാധിതർക്കുള്ള ധനസഹായം സര്‍ക്കാര്‍ നാളെ വിതരണം ചെയ്യും. മരിച്ച 44 പേരുടെ അനന്തരാവകാശികള്‍ക്കാണ് ആദ്യഘട്ടത്തിൽ സഹായധനം നൽകുന്നത്. ദുരന്തത്തെ അതിജീവിച്ചവർക്ക് നിർമിച്ച് നൽകുന്ന വീടുകളും ഈ മാസം തന്നെ കൈമാറും.ദുരന്തബാധിതർക്ക് തമിഴ്നാട് സർക്കാർ പ്രഖ്യാപിച്ച സഹായധനത്തിന്‍റെ ആദ്യഘഡു കിട്ടി. ഈ സാഹചര്യത്തിലാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി സര്‍ക്കാര്‍ പണം കൈമാറുന്നത് .
ദുരന്തത്തിൽ 70 പേരാണ് മരിച്ചത്. സഹായധനം നൽകുന്നതിനായി 44 പേരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി എംഎം മണി അഞ്ച് ലക്ഷം രൂപ വീതം അനന്തരാവകാശികൾക്ക് കൈമാറും. മരിച്ച മറ്റ് 26 പേരുടെ അനന്തരാവകാശികൾക്കും വൈകാതെ സഹായധനം എത്തിക്കും. എട്ട് കുടുംബങ്ങൾ പെട്ടിമുടി ദുരന്തത്തെ അതിജീവിച്ചിരുന്നു. ഇവര്‍ക്കായ് മൂന്നാർ കുറ്റിയാർവാലിയിൽ സർക്കാർ അനുവദിച്ച സ്ഥലത്ത് കണ്ണൻദേവൻ കമ്പനി നിർമിച്ച് നൽകുന്ന വീടുകളുടെ നിർമാണം അവസാനഘട്ടത്തിലാണ്. വീടുകൾ ഈ മാസം അവസാനത്തോടെ കൈമാറാനാകുമെന്നാണ് പ്രതീക്ഷ.