ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നതും, പൈജാമയുടെ ചരട് പൊട്ടിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമല്ലെന്ന അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി. കേസ് ജസ്റ്റിസുമാരായ ബി.ആർ ഗവായ്, അഗസ്റ്റിൻ ജോർജ് മസീഹ് എന്നിവർ അടങ്ങിയ സുപ്രീം കോടതി ബെഞ്ച് ഇന്ന് പരിഗണിക്കും. അഭിഭാഷക ശോഭ ഗുപ്ത നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി സ്വമേധയ കേസെടുത്തത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ നൽകിയിരുന്ന റിട്ട് ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് തള്ളിയിരുന്നു. ജസ്റ്റിസുമാരായ ബേല എം ത്രിവേദി, പി.ബി വരാലെ എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി തള്ളിയത്.
കേസുമായി ബന്ധമില്ലാത്തവരാണ് സുപ്രീം കോടതിയെ സമീപിച്ചത് എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയിരുന്നത്. ഇതിന് പിന്നാലെയാണ് കേസിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ ചരടു പൊട്ടിക്കാൻ ശ്രമിക്കുന്നതും അവളെ വലിച്ചിഴയ്ക്കുന്നതും ബലാത്സംഗ ശ്രമത്തിനുള്ള തെളിവുകളായി കണക്കാക്കാനാകില്ല എന്നായിരുന്നു അലഹബാദ് ഹൈക്കോടതി ഉത്തരവ്. ഇപ്രകാരം ചെയ്തവർക്കുമേൽ ബലാത്സംഗ, ബലാത്സംഗശ്രമ കുറ്റങ്ങൾ ചുമത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.
ബലാത്സംഗ ശ്രമവും ബലാത്സംഗത്തിനുള്ള തയാറെടുപ്പും വ്യത്യസ്തമാണെന്നും അലഹബാദ് ഹൈക്കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഹൈക്കോടതിയുടെ ഈ ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. വിധി തെറ്റാണെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കേന്ദ്ര വനിതാ ശിശു വികസന മന്ത്രി അന്നപൂർണ ദേവി അഭിപ്രായപ്പെട്ടിരുന്നു.