ഡല്‍ഹി: ബലാത്സംഗക്കേസ് പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെ ബിൽക്കിസ് ബാനു സമർപ്പിച്ച ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 2002ലെ ഗുജറാത്ത് വംശഹത്യക്കിടെ ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ 11 പ്രതികളെ ജയിൽ മോചിതരാക്കിയതിനെതിരെയാണ് ഹർജി. കഴിഞ്ഞ തവണ ഹർജി പരിഗണിച്ചപ്പോൾ ഗുജറാത്ത് സർക്കാരിനെതിരെ സുപ്രീംകോടതി രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.
പ്രതികളെ വെറുതെ വിട്ടതിന്റെ കാരണങ്ങൾ ഗുജറാത്ത് സർക്കാർ കൃത്യമായി ബോധിപ്പിക്കണമെന്ന് സുപ്രിംകോടതി നിർദേശിച്ചിട്ടുണ്ട്. പ്രതികൾ ഭയാനകമായ കുറ്റകൃത്യമാണ് ചെയ്തത് എന്ന് നിരീക്ഷിച്ച കോടതി സാധാരണ കേസുകളുമായി ഈ കേസിനെ താരതമ്യം ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു.