ദില്ലി : രാജ്യദ്രോഹക്കുറ്റം ചുമത്തുന്നത് ഭരണഘടനാവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ഹർജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഭരണകൂടത്തെ വിമർശിച്ച് ഫെയ്സ് ബുക്കിൽ കുറിപ്പിട്ടതിന് രാജ്യദ്രോഹക്കുറ്റം നേരിടുന്ന രണ്ട് മാധ്യമ പ്രവർത്തകർ നൽകിയ ഹർജിയാണ് ജസ്റ്റിസുമാരായ യു.യു ലളിത്, അജയ് രസ്തോഗി എന്നിവരുടെ ബഞ്ച് പരിഗണിക്കുന്നത്.
മണിപ്പൂരിലെ മാധ്യമ പ്രവർത്തകൻ കിഷോർ ചന്ദ്ര വാങ്ഖ്ചെ, ഛത്തീസ്ഘട്ടിലെ കാർട്ടൂണിസ്റ്റ് കനയ്യലാൽ ശുക്ല എന്നിവരാണ് ഹർജിക്കാർ. മണിപ്പൂർ സർവ്വകലാശാലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിന് അവിടുത്തെ മുഖ്യമന്ത്രിയെ പ്രധാനമന്ത്രിയുടെ ഏജന്റ് എന്ന് വിളിച്ചുവെന്നാണ് കിഷോർ ചന്ദ്രക്കെതിരായ കേസ്. പോലീസിന്റെ വ്യാജ ഏറ്റുമുട്ടൽ സംബന്ധിച്ച കാർട്ടൂൺ പോസ്റ്റ് ചെയ്തതാണ് കനയ്യ ലാലിനെതിരായ കേസ്.
ഭരണഘടന ഉറപ്പ് വരുത്തുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണ് 124 എ വകുപ്പെന്നും നിയമത്തിലെ വ്യക്തത കുറവ് മൂലം അത് ദുരുപയോഗം ചെയ്യുകയാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. മുതിർന്ന മാധ്യമ പ്രവർത്തകൻ ശശികുമാറും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്.