കോട്ടയം: കോട്ടയം ചങ്ങനാശ്ശേരിയിൽ പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം ഒഴുക്കിവിട്ടു. സംഭവത്തെ തുടർന്ന് ചങ്ങനാശേരി തെങ്ങനത്ത് ജനങ്ങൾ ദുരിതത്തിലായി. ആറോളം കുടുംബങ്ങൾക്ക് കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതിയാണ്. വീട്ടാവശ്യത്തിനുള്ള വെള്ളം പണം നൽകി വാങ്ങുകയെന്നും പരാതി ഉയർന്നിട്ടുണ്ട്. തെങ്ങനത്തെ സുഫാഷ്ന ഫ്യുവൽസ് (ഇന്ത്യൻ ഓയിൽ) പെട്രോൾ പമ്പിൽ നിന്ന് മഴവെള്ളം കലർന്ന ഇന്ധനം പുറത്തേക്ക് ഒഴുക്കി കളഞ്ഞതാണ് ദുരിതത്തിന് കാരണം. കിണറുകളും ഭൂമിയും മലിനമായി. പ്രദേശം ശുചീകരിക്കാനുള്ള ശ്രമം ആരുടെയും ഭാഗത്ത് നിന്നും ഉണ്ടായില്ല. ഗുരുതര വീഴ്ച കണ്ടെത്തിയിട്ടും പെട്രോൾ പമ്പിനും ഉടമയ്ക്കുമെതിരെ യാതൊരു നടപടിയും എടുത്തില്ലെന്നും നാട്ടുകാർ ആരോപിക്കുന്നു. പ്രശ്ന പരിഹാരത്തിനായി മടപ്പള്ളി പഞ്ചായത്ത് സെക്രട്ടറിക്കും മലിനീകരണ നിയന്ത്രണ ബോർഡിനും ജില്ലാ കളക്ടർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും പരിഹാരമായില്ല.
സംഭവത്തിൽ ഗുരുതര സുരക്ഷാവീഴ്ചയുണ്ടായെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തി. പരിശോധനാ റിപ്പോർട്ട് സീനിയർ എൻവയോൺമെന്റൽ എഞ്ചിനീയർ കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറുകയും ചെയ്തു. പെട്രോൾ പമ്പിലെ സ്റ്റോക്ക് വെരിഫിക്കേഷൻ രേഖകളിൽ വ്യത്യാസമുണ്ടെന്നും ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 4 വരെയുള്ള തീയതികളിൽ സ്റ്റോറേജ് ടാങ്കിൽ വെള്ളം കയറിയതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ബോർഡ് ഉദ്യോഗസ്ഥരുടെ റിപ്പോർട്ടിലുണ്ട്. പമ്പുടമയിൽ നിന്ന് വിശദീകരണം തേടിയതല്ലാതെ മറ്റ് നടപടികളൊന്നുമില്ല. പമ്പിന്റെ സുരക്ഷ പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഓയിൽ കമ്പനിക്ക് നിർദേശം നൽകിയിട്ടുണ്ട്. വെള്ളത്തിൻ്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ട് ആഴ്ചകളായെങ്കിലും ഇതിൻ്റെ ഫലവും ഇതുവരെ വന്നിട്ടില്ല.






























