കോഴിക്കോട് : വീട്ടിലേക്ക് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തില്‍ ഫോറന്‍സിക് വിദഗ്ധരും പോലീസും തെളിവെടുത്തു. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്സിനു സമീപം എന്‍.പി റോഡില്‍ കളരിപ്പറമ്പ് സന്ദീപിന്റെ വീട്ടിലേക്ക് രണ്ട് പെട്രോള്‍ ബോംബെറിഞ്ഞ സംഭവത്തിലാണ് ഫോറന്‍സിക് വിഭാഗവും ചേവായൂര്‍ പോലീസും വീട്ടിലെത്തി തെളിവെടുത്തത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയായിരുന്നു സംഭവം. വീട്ടില്‍ പൊട്ടിത്തെറി ശബ്ദം കേട്ടതോടെ സന്ദീപ് വാതില്‍ തുറന്ന് പുറത്തുചാടി. ബോംബെറിഞ്ഞ ഒരാളെ പിടികൂടാന്‍ ശ്രമിക്കവെ മറ്റുള്ളവര്‍ ഓടിയെത്തി സന്ദീപിനെ തള്ളിയിട്ട് എല്ലാവരും രക്ഷപ്പെടുകയായിരുന്നു.
ചുമരിലേക്കെറിഞ്ഞ ബോംബില്‍നിന്ന് തീ പടര്‍ന്നെങ്കിലും പൊട്ടിയിരുന്നില്ല. കോലായില്‍ പൊട്ടിയ ബോംബില്‍നിന്ന് തീ ആളിപ്പടരുകയും സമീപത്തെ ചാക്ക് കെട്ടുകള്‍ക്ക് തീ പിടിക്കുകയും ചെയ്തു. പ്രതികളെ കുറിച്ച് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. മയക്കുമരുന്നുമായി ബന്ധപ്പെട്ട സംഭവത്തില്‍ ചോദ്യം ചെയ്തതിന്റെ പകരം തീര്‍ക്കാനാണ് പെട്രോള്‍ ബോംബെറിഞ്ഞതെന്നാണ് പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.
ഫോറന്‍സിക്കിന്റെ പരിശോധനഫലം കൂടി ലഭിച്ചശേഷം സ്ഫോടകവസ്തു നിയമത്തിലെ വകുപ്പുകള്‍കൂടി ചേര്‍ക്കുമെന്ന് ചേവായൂര്‍ എസ്.ഐ ഡി. ഷബീബ് റഹ്മാന് പറഞ്ഞു. സംഭവത്തില്‍ സംശയമുള്ളതായി ആരോപണമുള്ള ആളിന്റെ ബൈക്ക് തിങ്കളാഴ്ച രാത്രി തകര്‍ത്തിരുന്നു. ഈ സംഭവത്തിലും പോലീസ് കേസെടുത്തിട്ടുണ്ട്. എസ്.ഐ ഡി. ഷബീബ് റഹ്മാനു പുറമെ വിരലടയാള വിദഗ്ധന്‍ പി. ശ്രീരാജ്, സയന്റിഫിക് ഓഫിസര്‍ കെ.എസ്. ശ്രീലേഖ, ഫോട്ടോഗ്രാഫര്‍ ഹാരിസ് പാതിരിക്കോട്, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍ രാജീവ് പാലത്ത് എന്നിവരാണ് ചൊവ്വാഴ്ച പരിശോധനക്കെത്തിയത്.