പത്തനംതിട്ട : ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപതിക്ക് സമര്‍പ്പിക്കുന്നതിനുള്ള നിവേദനം ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കളക്ടര്‍ക്ക് കൈമാറി. കഴിഞ്ഞ ആറ് വര്‍ഷമായി പെട്രോളിന്റെയും ഡീസലിന്റെയും എക്സൈസ് തീരുവ ക്രമാതീതമായി വര്‍ദ്ധിപ്പിക്കുകയും ലോക്ഡൗണ്‍ കാലയളവില്‍ പോലും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുന്നതിന് പൊതുമേഖലാ എണ്ണ കമ്പിനികള്‍ക്ക് അവസരമൊരുക്കുകയും ചെയ്ത കേന്ദ്ര ഗവണ്‍മെന്റ് നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടും ഇപ്രകാരം ജനങ്ങളില്‍ നിന്നും വില വര്‍ദ്ധനവിലൂടെ കവര്‍ന്നെടുത്ത പണത്തിന്റെ ആനുകൂല്യം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് രാഷ്ട്രപതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നിവേദനം നല്‍കിയത്.
ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ്, കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി അംഗം പ്രൊഫ. പി.ജെ കുര്യന്‍, ആന്റോ ആന്റണി എം.പി, കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. കെ.ശിവദാസന്‍ നായര്‍, മുന്‍ ഡി.സി.സി പ്രസിഡന്റ് പി. മോഹന്‍രാജ്, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗം മാലേത്ത് സരളാദേവി, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍സലാം, ജോണ്‍സണ്‍ വിളവിനാല്‍, കെ. ജാസിംകുട്ടി എന്നിവര്‍ ചേര്‍ന്നാണ് നിവേദനം കളക്ടര്‍ക്ക് കൈമാറിയത്.
2014 മെയില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴുണ്ടായിരുന്ന എക്സൈസ് തീരുവ നിരക്കല്ല ഇപ്പോഴുള്ളതെന്നും കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പെട്രോളിന്റെ എക്സൈസ് തീരുവ ലിറ്ററിന് 23.78 രൂപയും ഡീസലിന് 28.37 രൂപയും വര്‍ദ്ധിപ്പിച്ചതായി നിവേദനത്തില്‍ പറഞ്ഞിട്ടുണ്ട്. ഡീസലിന്റെ കാര്യത്തില്‍ 820 ശതമാനം വര്‍ദ്ധനയും പെട്രോളിന്റെ കാര്യത്തില്‍ 258 ശതമാനം വര്‍ദ്ധനയും രാജ്യത്ത് ഉണ്ടായതായും പെട്രോള്‍, ഡീസല്‍ എക്സൈസ് തീരുവ ഇനത്തില്‍മാത്രം പതിനേഴ് ലക്ഷത്തി എണ്‍പതിനായിരത്തി അന്‍പത്തിആറ് കോടി രൂപാ ആറ് വര്‍ഷംകൊണ്ട് മോദി സര്‍ക്കാര്‍ അധികമായി ആര്‍ജ്ജിച്ചതായും രാഷ്ട്രപതിക്ക് നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
കോവിഡ് കാലത്തും എക്സൈസ് തീരുവ വര്‍ദ്ധിപ്പിച്ച് ജനങ്ങളെ ബുദ്ധിമുട്ടിച്ചു. തന്‍മൂലം ഈ കാലയളവില്‍ ഒരു ലിറ്റര്‍ ഡീസലിന് 10.48 രൂപയുടെയും ഒരു ലിറ്റര്‍ പെട്രോളിന് 8.50 രൂപയുടെയും വര്‍ദ്ധനവ് ഉണ്ടായെന്നും ഈ അന്യായ വര്‍ദ്ധന കൊള്ളയാണെന്നും രാഷ്ട്രപതി ഇടപെട്ട് പെട്രോള്‍ ഡീസല്‍ വിലവര്‍ദ്ധനവ് പിന്‍വലിപ്പിക്കണമെന്നും ആവശ്യപ്പെട്ട് രാജ്യവ്യാപകമായി കോണ്‍ഗ്രസ് നടത്തുന്ന സമരത്തിന്റെ ഭാഗമായാണ് രാഷ്ട്രപതിക്ക് സമര്‍പ്പിക്കുവാനുള്ള നിവേദനം ജില്ലാ കളക്ടര്‍ക്ക് കോണ്‍ഗ്രസ് നേതാക്കള്‍ കൈമാറിയത്. പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധനവ് പിന്‍വലിച്ചും 2020 മാര്‍ച്ച് 5 ന് ശേഷം അധികമായി വര്‍ദ്ധിപ്പിച്ച എക്സൈസ് തീരുവ പിന്‍വലിച്ചും അതിന്റെ ഗുണഫലം ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നതിനും രാഷ്ട്രപതി അടിയന്തിരമായി ഇടപെടണമെന്നുമുള്ള ആവശ്യത്തോടെയാണ് നിവേദനം പൂര്‍ണ്ണമാകുന്നത്.
യു.പി.എ ഭരണകാലത്ത് ഒരു ബാരല്‍ ക്രൂഡോയിലിന് 108 യു.എസ് ഡോളര്‍ ആയിരുന്നത് 2020 ജൂണ്‍ 24 ന് 43.41 യു.എസ് ഡോളര്‍ ആണെന്നും 2017 ല്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഡൈനാമിക് ഫ്യുവല്‍ പ്രൈസിംഗ് സിസ്റ്റത്തിന്റെ ഗുണഫലം ഉപഭോക്താക്കള്‍ക്ക് ലഭിക്കാതിരിക്കുന്നത് എക്സൈസ് തീരുവ വര്‍ദ്ധനവ് മൂലമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോര്‍ജ്ജ് അറിയിച്ചു. നിവേദനം രാഷ്ട്രപതിക്ക് കൈമാറുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അറിയിച്ചതായും ബാബു ജോര്‍ജ്ജ് പറഞ്ഞു.