തിരുവനന്തപുരം : പെട്രോളിയം വിലവര്‍ധനവിനെതിരെ തിങ്കളാഴ്ച ട്രേഡ് യൂണിയന്‍ സംയുക്ത സമിതി ആഹ്വാനം ചെയ്തിട്ടുള്ള ചക്ര സ്തംഭന സമരം വിജയിപ്പിക്കണമെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ വിജയരാഘവന്‍ അഭ്യര്‍ഥിച്ചു.
ഇന്ധനവില ദിനംപ്രതി വര്‍ദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്നത് മോദി സര്‍ക്കാര്‍ നിര്‍ബാധം തുടരുകയാണ്. അധിക നികുതിയും സെസും അടിക്കടി ഉയര്‍ത്തി പിഴിയുകയാണ്. അസംസ്‌കൃത എണ്ണയ്ക്ക് അന്താരാഷ്ട്ര വിപണിയില്‍ വില ഇടിയുമ്പോഴും ഇന്ത്യയില്‍ മാത്രം പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് വില കുതിക്കുന്നത് മോദി സര്‍ക്കാരിന്റെ ബോധപൂര്‍വമായ നടപടിയാണ്. പെട്രോളിന്റെയും ഡീസലിന്റെയും നികുതി അടിസ്ഥാന വിലയേക്കാള്‍ ഉയര്‍ന്നിരിക്കുകയാണ്. സംസ്ഥാനത്ത് രണ്ടിന്റെയും വില നൂറു രൂപയില്‍ എത്തിനില്‍ക്കുന്നു.
ഉദാരവത്കരണ നയങ്ങളുടെ ഭാഗമായി നാടിന്റെ പെട്രോളിയം മേഖല സ്വകാര്യ കുത്തകള്‍ക്ക് തുറന്നിട്ടുകൊടുത്തതിന്റെ തിക്തഫലങ്ങള്‍ രണ്ടുതരത്തിലാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. ഒരു ഭാഗത്തു കുത്തകകള്‍ക്ക് തോന്നുംപടി പെട്രോളിയം ഉല്‍പന്നങ്ങളുടെ വില നിശ്ചയിക്കാനാകുന്നു. മറുഭാഗത്ത് അസംസ്‌കൃത എണ്ണയുടെ വിലക്കുറവുമൂലം ജനങ്ങള്‍ക്ക് ലഭിക്കേണ്ട വിലക്കുറവിന്റെ ആനുകൂല്യം പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ കവരുന്നു. ജനങ്ങള്‍ക്ക് നല്ല ദിനങ്ങള്‍ വാഗ്ദാനം ചെയ്ത് 2014 മുതല്‍ അധികാരത്തില്‍ തുടരുന്ന സര്‍ക്കാരാണ് ഇത്തരത്തില്‍ ജനദ്രോഹ നടപടികള്‍മാത്രം സ്വീകരിക്കുന്നത്.
തലതിരിഞ്ഞ ഇന്ധനനയം കേരളത്തിലെ മോട്ടോര്‍ വ്യവസായ മേഖലയെ പൂര്‍ണമായും തകര്‍ത്തു. പൊതു, സ്വകാര്യ ട്രാന്‍സ്‌പോര്‍ട്ട് മേഖലയാകെ ദുരിതത്തിലായി. ഇന്ധനച്ചെലവ് കുതിച്ചുയരുന്നു. ഇതിനനുസരിച്ചുള്ള വരുമാന വര്‍ദ്ധനയില്ല. ഇപ്പോള്‍ കൊവിഡിന്റെ ഭാഗമായ നിയന്ത്രണങ്ങള്‍ വരുമാനം പൂര്‍ണമായും ഇല്ലാതാക്കുന്ന സ്ഥിതിയിലാക്കി. ഇന്ധനവില വര്‍ദ്ധന ശരാശരി കുടുബ ബജറ്റിനെപോലും ബാധിക്കാന്‍ തുടങ്ങി. നിശ്ചിത വരുമാനക്കാര്‍ക്കും ഇത് താങ്ങാനാകുന്നില്ല.
എന്നിട്ടും അധിക നികുതി വരുമാനം വേണ്ടെന്നുവച്ച് ജനങ്ങളെ സഹായിക്കുന്ന നിലപാട് സ്വീകരിക്കാന്‍ കേന്ദ്രം തയ്യാറാകുന്നില്ല. കേന്ദ്ര നികുതി കുറച്ചാല്‍, സ്വാഭാവികമായി സംസ്ഥാന നികുതിയും കുറയും. ഇത് ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും. ഈ ആവശ്യം ഉന്നയിച്ചു നടക്കുന്ന സമരത്തില്‍ മുഴുവന്‍ പേരും അണിചേരണമെന്നും എ വിജയരാഘവന്‍ പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.