പത്തനംതിട്ട : ഇന്ധന വില നിരന്തരമായി വർധിപ്പിക്കുന്നത് റിലയൻസ് ഉൾപ്പെടെയുള്ള വൻകിട കുത്തക കമ്പനികളെ സഹായിക്കുന്നതിനു വേണ്ടിയാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് ആരോപിച്ചു. ഇന്ധന വിലവർധനക്കെതിരെ എ.ഐ.സി.സി ആഹ്വാനം അനുസരിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മലയാലപ്പുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമവും ഒപ്പുശേഖരണവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വർദ്ധിച്ച തോതിലുള്ള നികുതി കുറച്ച് ജനങ്ങളുടെ ഭാരം ലഘുകരിക്കുന്നതിനു പകരം സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിന്റെ ഇന്ധന കൊള്ളക്ക് കൂട്ടുനില്ക്കു കയാണെന്ന് ബാബു ജോർജ്ജ് കുറ്റപ്പെടുത്തി. കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ ജില്ലയിലൊട്ടാകെ അതിശക്തമായ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് ദിലീപ് കുമാർ പൊതീപ്പാട് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, എസ്.വി പ്രസന്നകുമാർ , ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ സണ്ണി കണ്ണം മണ്ണിൽ, എം.സി ഗോപാലകൃഷ്ണപിള്ള, പ്രമോദ് താന്നിമൂട്ടിൽ, പി.അനിൽ, എം. അനിലാ ദേവി എന്നിവർ പ്രസംഗിച്ചു.