കോന്നി : തണ്ണിത്തോട്ടിൽ പ്രവർത്തിക്കുന്ന പെട്രോൾ പമ്പ് പൂട്ടിക്കുവാൻ സി പി എം പ്രാദേശിക നേതാക്കൾ ശ്രമം നടത്തുന്നതായി പെട്രോൾ പമ്പ് ഉടമയുടെ പരാതി. പമ്പിന്റെ മുന്നിലൂടെ കാവ് ജംഗ്ഷൻ ഭാഗത്തേക്ക് പുതിയതായി ഓടയുടെ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നു വരികയാണ്. പെട്രോൾ പമ്പിലേക്ക് വലിയ വാഹനങ്ങൾ കടന്നു വരുന്നതിനാൽ വലിയ ഭാരം താങ്ങാൻ കഴിയുന്ന സ്‌ലാബുകൾ സ്ഥാപിക്കണം എന്നും ഇത് പമ്പ് ഉടമ സ്ഥാപിക്കാമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗത്തെ അറിയിക്കുകയും ഇവർ ഇതിന് അനുമതി നൽകുകയും ചെയ്തു. എന്നാൽ നിർമ്മാണ പ്രവർത്തികൾ നടക്കുന്നതിനിടെ പൊതുമരാമത്ത് വിഭാഗത്തിന് നിർമ്മാണത്തിൽ കയ്യേറ്റം നടക്കുന്നുണ്ട് എന്ന് പരാതി ലഭിക്കുകയും നിർമ്മാണം നിർത്തി വെക്കുവാൻ ഉത്തരവ് ഇടുകയുമായിരുന്നു.
എന്നാൽ പ്രദേശത്തെ ചില സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെടൽ മൂലമാണ് സ്റ്റോപ്പ് മെമ്മോ നൽകിയത് എന്ന് പമ്പ് ഉടമ ആരോപിക്കുന്നു. സംഭവത്തിൽ പ്രതിഷേധിച്ച് പമ്പ് ഉടമ പെട്രോൾ പമ്പ് അടച്ചിടുകയും ചെയ്തു. തണ്ണിത്തോട്ടിലെ സിപിഎം പ്രാദേശിക നേതൃത്വം കാലങ്ങളായി തന്നെ ഉപദ്രവിക്കുകയാണെന്നും സിപിഎം മുൻ ലോക്കൽ സെക്രട്ടറി പ്രവീൺ പ്രസാദ്, ലോക്കൽ സെക്രട്ടറി സുഭാഷ്, ലോക്കൽ കമ്മറ്റി അംഗം അജീഷ് തുടങ്ങിയവർ ഇയാളെ സ്ഥിരമായി ഭീഷണിപെടുത്തുകയും ചെയ്യുന്നുണ്ട് എന്ന് കാണിച്ച് ഇയാൾ വിഡിയോയും ശബ്ദ സന്ദേശവും പ്രചരിപ്പിക്കുകയും ചെയ്തു. തുടർന്ന് നാട്ടുകാർ അടക്കം സിപിഎം പ്രദേശിക നേതാക്കൾക്ക് എതിരെ കടുത്ത പ്രതിഷേധത്തിലാണ് ഇപ്പോൾ. തണ്ണിതോട്ടിൽ മറ്റ് പെട്രോൾ പമ്പുകൾ ഒന്നും ഇല്ലാതെ ഇരുന്ന സമയത്താണ് ചിറ്റാർ സ്വദേശിയായ പമ്പ് ഉടമ തണ്ണിത്തോട്ടിൽ പെട്രോൾ പമ്പ് പ്രവർത്തനം ആരംഭിക്കുന്നത്. മുൻപ് കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ഇവർ വാഹനങ്ങളിൽ പെട്രോൾ നിറക്കാൻ ചിറ്റാറിലും കോന്നിയിലും പെട്രോൾ പമ്പുകളിൽ പൊയ്കൊണ്ടിരുന്നത്. ഇത്തരത്തിൽ ഉള്ള പമ്പ് പൂട്ടിക്കാൻ ഇവർ നടത്തുന്ന ശ്രമമാണ് ഇതെന്നും പ്രദേശവാസികൾ ആരോപിക്കുന്നു