മട്ടാഞ്ചേരി: കോവിഡ് പ്രതിരോധത്തിന്റെ പേരില്‍ പെറ്റിക്കേസ് വര്‍ധിപ്പിക്കാന്‍ പോലീസിന് മേല്‍ സമ്മര്‍ദമെന്ന് ആക്ഷേപം. കോവിഡ് വ്യാപനം രൂക്ഷമാകുന്നത് ലോക്കല്‍ പോലീസ് പ്രതിരോധ ലംഘനത്തിനെതിരെ കേസ് എടുക്കാത്തത് മൂലമാണെന്നാണ് ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ നല്കുന്ന റിപ്പോര്‍ട്ടെന്നാണ് വിവരം. ഇതിന്റെ ഭാഗമായി സിവില്‍ പോലീസ് ഓഫിസര്‍മാര്‍ വരെ പെറ്റിക്കേസിനായി ഓടുകയാണ്. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ ഒപ്പിട്ട പെറ്റി ചാര്‍ജ് ഷീറ്റ് സിവില്‍ പോലിസ് ഓഫീസര്‍മാര്‍ക്ക് നല്‍കിയിരിക്കുകയാണ്.
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള കേസുകളാണ് വേണ്ടതെന്നതിനാല്‍ പോലീസുകാര്‍ ഹെല്‍മറ്റ് ധരിക്കാത്ത കേസ് പോലും മാസ്ക്കില്ലെന്ന് കാണിച്ച് എഴുതി വിടുകയാണ്. ഹെല്‍മറ്റ് വെച്ചില്ലെങ്കില്‍ 500 രൂപയാണ് പിഴ. മാസ്ക്കില്ലെങ്കില് 200 രൂപ അടച്ചാല്‍ മതി. പിടിക്കപ്പെട്ടയാള്ക്കും സന്തോഷമാകും. ഇപ്പോള്‍ 99 ശതമാനം ആളുകളും മാസ്ക് ധരിച്ചാണ് പുറത്തിറങ്ങുന്നത്.
ഈ സാഹചര്യത്തില്‍ എങ്ങനെ മാസ്കില്ലാത്തതിന് കേസെടുക്കാന്‍ കഴിയുമെന്നാണ് സാധാരണ പോലീസുകാരുടെ ചോദ്യം. പല സ്റ്റേഷനുകളിലും സിവില്‍ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പെടെയുള്ളവര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്.
ആ സ്റ്റേഷനിലെ മറ്റ് പോലീസുകാരെ പെറ്റിക്കേസ് ഡ്യൂട്ടിക്ക് വിടുന്ന സാഹചര്യവുമുണ്ട്. പെറ്റിക്കേസ് കൂട്ടാന്‍ സമ്മര്‍ദ്ദം ചെലുത്തുന്ന സാഹചര്യം ഒഴിവാക്കി കോവിഡ് പ്രതിരോധത്തിലൂന്നി പ്രവര്‍ത്തിക്കാന്‍ അനുവദിക്കണമെന്ന് സേനയില്‍ നിന്ന് തന്നെ ആവശ്യമുയരുന്നുണ്ട്.