ന്യൂഡൽഹി : സുപ്രീംകോടതി വിധിച്ച ഉയർന്ന പി.എഫ്. പെൻഷൻ എല്ലാതരത്തിലുംപ്പെട്ട സ്ഥാപനങ്ങളിലും ഒരുപോലെ നടപ്പാക്കിയെന്ന് കേന്ദ്രം പാർലമെന്റിൽ. എക്സംപ്റ്റഡ് ട്രസ്റ്റുകൾ വഴി പി.എഫ്. സ്വന്തമായി കൈകാര്യംചെയ്യുന്നതും അല്ലാത്തതുമായ സ്ഥാപനങ്ങളിൽ ഒരേ പോലെയാണ് വിധി നടപ്പാക്കിയതെന്നാണ് സർക്കാരിന്റെ അവ്യക്തവും തെറ്റിദ്ധാരണയുണ്ടാക്കുന്നതുമായ മറുപടി. ട്രസ്റ്റ് ചട്ടങ്ങൾ അനുവദിക്കുമെങ്കിൽ മാത്രമേ ഉയർന്ന പെൻഷൻ നൽകാനാവൂയെന്ന് പാർലമെന്റിനെ അറിയിച്ച് ദിവസങ്ങൾക്കകമാണ് എല്ലാവർക്കും ഒരുപോലെ നടപ്പാക്കിയെന്ന ഒഴുക്കൻ മറുപടിയും സർക്കാരിൽ നിന്നുണ്ടായത്.
യഥാർഥ ശമ്പളത്തിന് ആനുപാതികമായ തുക ശമ്പളത്തിൽ നിന്ന് വിഹിതമടച്ച് ഉയർന്ന പെൻഷൻ സാധ്യമാക്കുന്നതായിരുന്നു 2022-ലെ സുപ്രീംകോടതി വിധി. യോഗ്യരായ ജീവനക്കാർ എക്സംപ്റ്റഡ് സ്ഥാപനങ്ങളിലാണോ അല്ലെയോ എന്ന് നോക്കാതെ എല്ലാവർക്കും ഒരുപോലെയാണോ വിധി നടപ്പാക്കിയതെന്നാണ് ഡോ. അജീത് മാധവ്റാവു ഗോപ്ഛഡെ രാജ്യസഭയിൽ ചോദിച്ചത്. ഇതിനു മറുപടിയായാണ്, എല്ലാ സ്ഥാപനങ്ങൾക്കും ഒരുപോലെയാണ് നടപ്പാക്കിയതെന്ന് തൊഴിൽ സഹമന്ത്രി ശോഭാ കരന്തലജെ മറുപടി നൽകിയത്. ട്രസ്റ്റ് ചട്ടങ്ങൾ അനുവദിക്കുമെങ്കിൽ മാത്രമേ ഉയർന്ന പെൻഷനുവേണ്ടി അധിക വിഹിതമടയ്ക്കാനാവൂ എന്ന് എൻ.കെ. പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ളവരുടെ ചോദ്യത്തിന് മറുപടിയായി ഇതേ മന്ത്രി തന്നെ നേരത്തേ ലോക്സഭയിൽ വ്യക്തമായി പറഞ്ഞിരുന്നു.
ട്രസ്റ്റ് ചട്ടങ്ങളുടെ പേരിൽ ഉയർന്ന പെൻഷനുള്ള അപേക്ഷകൾ തള്ളരുതെന്ന കർണാടക ഹൈക്കോടതിയുടെ വിധി നിലനിൽക്കേയായിരുന്നു മന്ത്രിയുടെ മറുപടി. ഇതേവാദം വിവിധ ഹൈക്കോടതികളിൽ ഇ.പി.എഫ്.ഒ. വാദിച്ചുകൊണ്ടിരിക്കുകയുമാണ്. അതിനിടേയാണ്, വിധി എല്ലാവർക്കും ഒരുപോലെ നടപ്പാക്കിയെന്ന തെറ്റിദ്ധരിപ്പിക്കുന്ന മറുപടി സർക്കാരിൽ നിന്നുണ്ടായത്.





























