വാഷിങ്ടണ്‍ : കോവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടുന്നതിനുളള കൂട്ട പ്രതിരോധകുത്തിവെപ്പ് യജ്ഞത്തിന്റെ ശക്തി സ്ഥിരീകരിച്ച് പഠനം. ഇസ്രായേലില്‍ 1.2 ദശലക്ഷം ആളുകള്‍ക്കിടയില്‍ നടത്തിയ പഠനത്തില്‍ ഫൈസര്‍ വാക്‌സിന്‍ 94 ശതമാനം ഫലപ്രദമാണെന്ന് കണ്ടെത്തി. ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിനാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അണുബാധയ്‌ക്കെതിരായുളള ശക്തമായ സംരക്ഷണ ഫലപ്രാപ്തിയെക്കുറിച്ചും പഠനത്തില്‍ പ്രതിപാദിക്കുന്നുണ്ട്. വൈറസ് വ്യാപനം തടയുന്നതില്‍ വളരെ നിര്‍ണായകമായ ഘടകമാണ് അത്. യഥാര്‍ഥ ലോകസാഹചര്യത്തിലെ വാക്‌സിന്റെ ഫലപ്രാപ്തി സംബന്ധിച്ചുളള ആദ്യ തെളിവാണ് ഇതെന്ന് ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകന്‍ ബെന്‍ റെയ്‌സ് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിച്ച 6,00,000 പേരും സ്വീകരിക്കാത്ത അത്രതന്നെ പേരെയും ഉള്‍ക്കൊളളിച്ചുകൊണ്ടുളള പഠനമാണിത്. വാക്‌സിന്‍ സ്വീകരിച്ചവരുടേതിന് സമാനമായ പ്രായവും ലിംഗഭേദവും ഭൂമിശാസ്ത്രപരമായ സാമ്യവും സ്വഭാവ സവിശേഷതകളും ആരോഗ്യാവസ്ഥകളുളളവരായിരുന്നു വാക്‌സിന് സ്വീകരിക്കാത്തവരും. ആഗോളതലത്തില്‍ 217 ദശലക്ഷം ഡോസുകളാണ് നല്‍കിയിട്ടുളളതെന്ന് എഎഫ്പി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2.4 ദശലക്ഷത്തിലധികം പേര്‍ മരിക്കുകയും 112 ദശലക്ഷം പേരെ ബാധിക്കുകയും ആഗോള സമ്പത് വ്യവസ്ഥയെ തകര്‍ക്കുകയും ചെയ്ത മഹാമാരിയില്‍ നിന്ന് കോവിഡ് പ്രതിരോധ കുത്തിവെപ്പിലൂടെ പുറത്തുകടക്കാനാവുമെന്ന പ്രതീക്ഷയിലാണ് ലോകം. ലോകത്തെല്ലായിടത്തും ഒരുപോലെ വാക്‌സിന്‍ ലഭ്യമാക്കിയില്ലെങ്കില്‍ മഹാമാരി അവസാനിക്കില്ലെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.