തിരുവനന്തപുരം: വധശ്രമകേസില്‍ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി അറസ്റ്റില്‍. വ്യക്തിവൈരാഗ്യത്തിന്റെ പേരില്‍ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ കുപ്രസിദ്ധ കുറ്റവാളി ഫാന്റം പൈലി എന്ന് വിളിക്കുന്ന കുരയ്ക്കണ്ണി തിരുവമ്പാടി ഗുലാബ് മന്‍സിലില്‍ ഷാജിയെ (40) വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കുരയ്ക്കണ്ണി കുറ്റിക്കാട്ട് ക്ഷേത്രത്തിന് സമീപം പരുന്തന്‍വിളാകം വീട്ടില്‍ തൗഫീഖിനെ (35) യാണ് ഫാന്റം പൈലിയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് വെട്ടി പരിക്കേല്‍പ്പിച്ചത്. ഇക്കഴിഞ്ഞ 22ന് വൈകുന്നേരം ആറരയോടെ കുരയ്ക്കണ്ണി ബ്യൂറോ മുക്കിലാണ് സംഭവം നടന്നത്.
ബൈക്കില്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കുകയായിരുന്ന ഫാന്റം പൈലി വഴിയരികില്‍ നിന്നിരുന്ന തന്നെ കണ്ട പാടെ ചാടിയിറങ്ങി വെട്ടുകത്തി കൊണ്ട് കഴുത്തിനെ ലക്ഷ്യമാക്കി വെട്ടുകയായിരുന്നു എന്നാണ് തൗഫീഖ് പോലീസിന് മൊഴി നല്‍കിയത്. ആക്രമണത്തില്‍ തൗഫീഖിന് വലത് കൈയില്‍ വെട്ടേല്‍ക്കുകയും കൈയെല്ലിന് ഒടിവും സംഭവിച്ചു. വ്യക്തി വിരോധമാണ് അക്രമത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. ഷാജിക്കൊപ്പമുണ്ടായിരുന്ന അരുവിക്കര ഇരുമ്പ മുതലത്ത് വീട്ടില്‍ അനില്‍ കുമാറിനെ (48) സംഭവ ദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സംഭവത്തിന് ശേഷം കോട്ടയം ഇളമ്പ്രക്കാട് വനത്തിലൊളിച്ച ഷാജി കോട്ടയത്ത് കറങ്ങി നടക്കുന്നതിനിടെയാണ് പോലീസ് സംഘത്തിന്റെ പിടിയിലായത്.