റാന്നി: വലിയകാവ് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത ‘എന്റെ മണ്ണ് എനിക്ക് സ്വന്തം’ പദ്ധതി ഒന്നാം ഘട്ടം പൂര്‍ത്തിയാക്കി. ആദ്യ ഘട്ടത്തില്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയവരുടെ വസ്തുക്കളുടെ പ്രമാണങ്ങള്‍ വിതരണം ചെയ്തു. പലരുടെയും വസ്തുക്കള്‍ മരണമടഞ്ഞ മുന്‍ഗാമികളുടെ പേരിലായിരുന്നു. വര്‍ഷങ്ങളായി കരം അടയ്ക്കാന്‍ പോലും കഴിയാതെ ബുദ്ധിമുട്ടിയ ഇവരുടെ പ്രശ്‌നങ്ങള്‍ വാര്‍ഡ് വികസനസമിതി നിര്‍ദേശാനുസരണം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍ ഏറ്റെടുത്താണ് നടപ്പിലാക്കിയത്. വില്ലേജ്, താലൂക്ക് ഓഫീസുകളുമായി ബന്ധപ്പെട്ടും താലൂക്ക് സര്‍വ്വേയര്‍ നേരിട്ടെത്തി സ്ഥലം അളന്ന് തിട്ടപ്പെടുത്തുന്നതടക്കമുള്ള ജോലികള്‍ പൂര്‍ത്തിയാക്കി. ഇതോടെയാണ് ഇവര്‍ക്ക് വസ്തു സ്വന്തം പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞത്.
വനാതിര്‍ത്തി പങ്കിടുന്ന വസ്തുക്കള്‍ക്ക് വനം വകുപ്പിന്റെ എന്‍.ഒ.സിയും വേണ്ടി വന്നു. ഗ്രാമ പഞ്ചായത്ത് അംഗം തന്നെ ബന്ധപ്പെട്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. ആദ്യ ഘട്ടത്തില്‍ 12 പേര്‍ക്കാണ് പദ്ധതിയുടെ ഭാഗമായി വസ്തു സ്വന്തം പേരിലേക്ക് മാറ്റാന്‍ കഴിഞ്ഞത്. പട്ടയ വിതരണം അഡ്വ. പ്രമോദ് നാരയണ്‍ ഉദ്ഘാടനം ചെയ്തു. അങ്ങാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിന്ദു റെജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്തംഗം ജെസി അലക്‌സ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എസ്.സതീഷ് കുമാര്‍, വികസന കാര്യസമിതി സ്ഥിരം അധ്യക്ഷ കുഞ്ഞുമറിയാമ്മ, പി.വി. ജയന്‍, രാജന്‍ മാത്യൂ ഇടമണ്ണില്‍, രാജന്‍ തൂളിമണ്ണില്‍, ഇ.ടി. കുഞ്ഞുമോന്‍, വി.ജെ.തമ്പി എന്നിവര്‍ സംസാരിച്ചു.