ഖരക്പൂര്‍: ഗവേഷണ വിദ്യാര്‍ത്ഥിയെ ഹോസ്റ്റലില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഖരഖ്പൂര്‍ ഐ.ഐ.ടിയിലാണ് സംഭവം. ആന്ധ്രാ സ്വദേശിയായ ഭവാനി ഭട്ട്‌ല കോണ്ടാല്‍ റാവു(31) ആണ് മരിച്ചത്. ബി.ആര്‍ അംബേദ്കര്‍ ഹാളിലെ രണ്ടാം നിലയിലെ മുറിയിലാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ആന്ധ്രാപ്രദേശിലെ വിജയവാഡയില്‍ താമസിക്കുന്ന റാവു മെക്കാനിക്കല്‍ എഞ്ചിനീയറിങ് വകുപ്പിലെ ഗവേഷണ വിദ്യാര്‍ത്ഥിയായിരുന്നു. ഫെബ്രുവരിയില്‍ വിവാഹിതനായ റാവു രണ്ടാഴ്ചയോളം കുടുംബത്തോടൊപ്പം നാട്ടില്‍ താമസിച്ച ശേഷം ലോക്ഡൗണ്‍ ആരംഭിക്കുന്നതിന് മുമ്പാണ് കാമ്പസ്സില്‍ മടങ്ങിയെത്തിയതെന്ന് ജില്ലാ പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
റാവുവിന്റെ മാതാപിതാക്കള്‍ ഫോണിലൂടെ അദ്ദേഹത്തെ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഹോസ്റ്റലില്‍ റാവുവിന്റെ കൂടെ താമസിക്കുന്ന വിദ്യാര്‍ത്ഥികളെ വിളിക്കുകയായിരുന്നു. അകത്തു നിന്ന് പൂട്ടിയ മുറി ഒരുപാട് സമയം മുട്ടിവിളിച്ചിട്ടും തുറക്കാതെ വന്നപ്പോള്‍ അവര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസാണ് മൃതദേഹം കണ്ടെത്തിയത്.