പത്തനംതിട്ട : മലങ്കര മാർത്തോമ്മാ സഭയുടെ വലിയ മെത്രാപ്പൊലീത്ത ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം നൂറ്റിനാലിന്റെ നിറവിൽ. നർമ്മത്തിലൂടെ ദാർശനിക കാഴ്ചപ്പാടുകൾ നൽകിയ ക്രിസോസ്റ്റം ലോക മലയാളികളുടെ മനസ്സിലെ നിറസാന്നിധ്യമാണ്. പ്രായാധിക്യമായതിന്റെ ബുദ്ധിമുട്ടുകളെ തുടർന്ന് വലിയ മെത്രാപ്പൊലീത്ത ആശുപത്രിയിൽ ചികിത്സയിലായതിനാൽ ഇത്തവണ ആഘോഷങ്ങളൊന്നുമില്ല.
മതഭേദമില്ലാതെ മനുഷ്യരെ സ്നേഹിക്കുന്ന മനുഷ്യനാണ് ആ വലിയ ഇടയൻ. ഡോ ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തെ നമ്മൾ നർമ്മത്തിന്റെ തിരുമേനി എന്ന് വിളിച്ചു. സമാനതകളില്ലാത്ത 103 കൊല്ലമാണ് കഴിഞ്ഞു പോയത്. ജീവിത വഴികളിൽ നേട്ടങ്ങളുടെ അപൂർവ നിമിഷങ്ങൾ. മലങ്കര സഭയിൽ ക്രിസോസ്റ്റം ചരിത്രമാണ്.
എല്ലാ പ്രായക്കാരോടും ഒരുപോലെ സംവദിക്കുന്ന, ശ്രീകൃഷ്ണന്റെയും ബുദ്ധന്റെയും ശില്പങ്ങൾ ഒപ്പം കൊണ്ട് നടക്കുന്ന അപൂർവങ്ങളിൽ അപൂർവമായൊരു മനുഷ്യൻ. മുടങ്ങാത്ത നിഷ്ഠകളും പ്രാർഥനയും ധ്യാനവുമാണ് 104-ാം വയസ്സിലും അദ്ദേഹത്തിന്റെ മുഖമുദ്ര. യാത്രകളായിരുന്നു ഏറ്റവും ഹരം. കിലോമീറ്ററുകളോളം യാത്ര ചെയ്യുമായിരുന്നു. പക്ഷെ ഒരിക്കൽ പോലും അലസമായി സമയം കളയുന്നതിന് ഒരുമ്പെട്ടിട്ടില്ല. നവതി മുതൽ ഇങ്ങോട്ട് എല്ലാ ജന്മദിനങ്ങളും ആഘോഷമാക്കി. 100-ാം പിറന്നാൾ വിപുലമായ ചടങ്ങുകളായിരുന്നു. കഴിഞ്ഞ വർഷം കൊവിഡ് നിയന്ത്രണങ്ങളിൽ ജന്മദിനാഘോഷം വേണ്ടെന്ന് വെച്ചു. ഇത്തവണ തിരുമേനി ആശുപത്രി കിടക്കയിലാണ്. പ്രാർഥനകളോടെ അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം ചുറ്റിലും.
1917 ഏപ്രിൽ 27 ന് കുമ്പനാട് അടങ്ങാപ്പുറത്ത് കലമണ്ണിൽ കെ ഇ ഉമ്മൻ കശീശയുടെയും ശോശാമ്മയുടെ മകനായി ഫിലിപ്പ് ഉമ്മൻ എന്ന പേരിലായിരുന്നു ജനനം. 1999 മുതൽ 2007 വരെയാണ് സഭയുടെ പരമാധ്യാക്ഷ സ്ഥാനം വഹിച്ചത്. 2018-ൽ രാജ്യം പത്മഭൂഷൻ നൽകി ആദരിച്ചു. കയ്യിൽ മിഠായിയും കഴുത്തിൽ നിറമുള്ള മുത്തുമാലയിലെ മരക്കുരിശും നാവിൽ നർമ്മവും സൂക്ഷിക്കുന്ന വലിയ ഇടയന് ജന്മാദിനാശംസകൾ.