പത്തനംതിട്ട : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടേതുൾപ്പെടെ ഇഡ്യയിലെ നിരവധി പ്രമുഖരുടെ ഫോണുകൾ ഇസ്രയേൽ ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയ സംഭവം ജനാധിപത്യ ധ്വംസനവും വ്യക്തികളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് പറഞ്ഞു.
ഫോണുകൾ ചോർത്തിയ കേന്ദ്ര സർക്കാർ നടപടിക്കെതിരെ കോൺഗ്രസ് നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണയുടെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നരേന്ദ്ര മോഡി, അമത് ഷാ കൂട്ടുകെട്ടിന്റെ നേതൃത്വത്തിലുള്ള കേന്ദ്ര ഭരണത്തിൽ സ്വന്തം മന്ത്രിസഭയിലെ മന്ത്രിമാർക്ക് പോലും രക്ഷയില്ലാത്ത സ്ഥിതിയാണ്. ഭരണകൂടത്തിന്റെ ചെയ്തികളെ വിമർശിക്കുന്നവരെ ഇല്ലാതാക്കുവാനുള്ള ഹീനമായ ശ്രമത്തിന്റെ ഭാഗമാണ് ഫോൺ ചോർത്തൽ നടപടി.
പ്രതിപക്ഷ നേതാക്കൾ, സുപ്രീം കോടതി ചീഫ് ജസ്റ്റീസ്, തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ എന്നിവരുടെ ഫോണുകൾ ചോർത്തി ജനാധിപത്യ സംവിധാനങ്ങളെ വരുതിക്ക് നിർത്തുന്ന ഏകാധിപത്യ ഭരണകർത്താക്കളായി ഇവർ മാറിയിരിക്കുന്നത് ഭയപ്പോടെ മാത്രമേ കാണുവാൻ കഴിയുകയുള്ളു എന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. ജനാധിപത്യവും പൗരാവകാശങ്ങളും സംരക്ഷിക്കുവാനുള്ള സമരം കോൺഗ്രസ് ശക്തിപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അബ്ദുൾ കലാം ആസാദ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി അംഗം പി.മോഹൻ രാജ്, ഡി.സി.സി ഭാരവാഹികളായ എ.സുരേഷ് കുമാർ, സാമുവൽ കിഴക്കുപുറം, കെ. ജാസിംകുട്ടി, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് റനീസ്.മുഹമ്മദ്, മുനിസിപ്പൽ കൗൺസിലർമാരായ സജി.കെ. സൈമൺ, സി.കെ അർജ്ജുനൻ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജോസ് കൊടുന്തറ എന്നിവർ പ്രസംഗിച്ചു.