ന്യൂഡല്‍ഹി : പെഗാസസ് ഫോൺ ചോർത്തലിന്റെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടെന്ന് റിപ്പോർട്ട്. ടു.ജി കേസ് അന്വേഷിച്ച മുതിർന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥൻ രാജേശ്വർ സിങ്, അരവിന്ദ് കെജ്രിവാളിന്റെ പി.എ ആയ മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ വി.കെ ജെയിൻ തുടങ്ങിയവരുടെ ഫോണുകൾ നിരീക്ഷണത്തിൽ ആയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ടു.ജി കേസും കോൺഗ്രസ് നേതാവായ ചിദംബരത്തിന് എതിരായ എയർസെൽ – മാക്സിസ് കേസും അന്വേഷിച്ച രാജേശ്വർ സിങ്ങിന്റെ ഫോൺ നമ്പർ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സഹോദരിമാരുടെയും ഫോൺ നമ്പറുകൾ ചോർത്തിയിരുന്നു എന്ന വിവരമാണ് പുറത്തുവരുന്നത്.
കെജ്രിവാളിന്റെ പി.എ. ആയ വി.കെ ജെയിന്റെ ഫോണും ചോർത്തലിന് വിധേയമായിട്ടുണ്ട്. നീതി ആയോഗിലെയും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജൂനിയർ ഉദ്യോഗസ്ഥന്റെയും ഫോണുകൾ ചോർത്തിയിരുന്നെന്നാണ് വിവരം. രാജേശ്വർ സിങ്ങിന്റെ ഫോണുകൾ 2007-09 കാലത്താണ് ചോർത്തിയിരുന്നത്. ഇദ്ദേഹത്തിന്റെ രണ്ടു ഫോണുകളും ചോർത്തിയിരുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും സംയുക്തമായാണ് 2 ജി കേസ് അന്വേഷിച്ചിരുന്നത്. 2017-ൽ കേസിലെ എല്ലാ പ്രതികളെയും കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു.
ചിദംബരവും മകൻ കാർത്തി ചിദംബരവും ഉൾപ്പെട്ട എയർസെൽ – മാക്സിസ് കേസിൽ അന്വേഷണം നടത്തിയിരുന്നതും രാജേശ്വർ സിങ്ങായിരുന്നു. സിബിഐ ഡയറക്ടർ അലോക് വർമയുടെ അടുത്ത സുഹൃത്ത് കൂടിയായിരുന്നു രാജേശ്വർ സിങ്. അലോക് വർമയുടെയും ഫോൺ ചോർത്തിയിരുന്നതായി റിപ്പോർട്ട് പുറത്തെത്തിയിരുന്നു.
അലോക് വർമയുടെ എതിരാളി ആയിരുന്ന രാകേഷ് അസ്താനയ്ക്കെതിരെ തെളിവുകൾ കണ്ടെത്താനും മറ്റും രാജേശ്വർ സിങ് ശ്രമിച്ചിരുന്നു എന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് ഇദ്ദേഹത്തിന്റെ ഫോണും ചോർത്തലിന് വിധേയമായതെന്നാണ് വിവരം. ഏതാനും സൈനിക ഉദ്യോഗസ്ഥരുടെയും റോയിലെയും ബി.എസ്.എഫിലെയും ഉദ്യോഗസ്ഥരുടെയും ഫോണുകൾ ചോർത്തിയെന്ന വിവരവും പുറത്തെത്തിയിട്ടുണ്ട്.