പത്തനംതിട്ട : തിരുമേനിമാരുടെയും മെത്രാന്‍മാരുടെയും പേരുപറഞ്ഞ് പള്ളീലച്ചനും കപ്യാരും ഫോട്ടോഗ്രാഫി രംഗം കയ്യടക്കുന്നതിനെതിരെ പ്രതിഷേധവുമായി ഫോട്ടോഗ്രാഫി രംഗത്തെ സംഘടനകള്‍.
പത്ത് പുത്തന്‍ ഉണ്ടാക്കാന്‍ വെളുത്ത കുപ്പായം ഏറെ സഹായിക്കുമെന്ന് കണ്ടെത്തിയ ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദികരാണ് ഒരു കയ്യില്‍ ധൂപക്കുറ്റിയും മറുകയ്യില്‍ ക്യാമറായുമായി ഇപ്പോള്‍ കളത്തില്‍ ഇറങ്ങിയിരിക്കുന്നത്. മുന്നില്‍ നില്‍ക്കുന്നത് ഓര്‍ത്തഡോക്സ് സഭയിലെ ചില വൈദിക കച്ചവടക്കാര്‍ ആണെങ്കിലും ഇതര സഭകളിലെ വൈദികരും പാസ്റ്റര്‍മാരും ഒട്ടും പിന്നിലല്ല. കച്ചവടം നടത്താന്‍ വെള്ള കുപ്പായം ഏറ്റവും നല്ലതെന്ന് അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു.
പള്ളിയിലും ഭദ്രാസനങ്ങളിലും നടക്കുന്ന കല്യാണവും മരണവും രണ്ടാം കെട്ടുമൊക്കെ മൊത്തമായി വിലപറഞ്ഞ് ഏറ്റെടുക്കുന്ന ഇവര്‍ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ലൈവ് സ്ട്രീമിംഗ്, കേറ്ററിംഗ്, സ്റ്റേജ്, ബ്യൂട്ടീഷ്യന്‍, പന്തല്‍, ഗായകസംഘം, ശവപ്പെട്ടി, കല്ലറപണി, മരണവീട്ടില്‍ കരയാനുള്ളവര്‍..തുടങ്ങി ഒരു ചടങ്ങിന് വേണ്ടതെല്ലാം ചെയ്യും. ഇതൊക്കെ ചെയ്യാന്‍ പെണ്ണോ ചെറുക്കനോ ആണ് കുറവെങ്കില്‍ അത്യാവശ്യ ബ്രോക്കര്‍ പണിയും ഉണ്ട്. എന്തുചെയ്താലും പണം കിട്ടണം. വിവാഹം കഴിച്ചവരുടേയും വിവാഹജീവിതം സഭ അനുവദിക്കാത്തവരുടെയും ലീലാവിലാസങ്ങള്‍ ദൈവമക്കള്‍ കാണുകയും അനുഭവിക്കുകയും ചെയ്തിട്ടുണ്ട്. നൈമിഷിക സുഖങ്ങള്‍ക്കും പണത്തിനും വേണ്ടി എന്തും ചെയ്യാമെന്ന് ചില വൈദികരെങ്കിലും തെളിയിച്ചിട്ടുണ്ട്. വിശ്വാസികള്‍ തങ്ങളുടെ കുമ്പസാരം നടത്തുന്നത് ഇവരോടാണ്. സ്ത്രീകള്‍ നടത്തുന്ന ഇത്തരം കുമ്പസാരങ്ങള്‍ പലപ്പോഴും ചൂഷണം ചെയ്യപ്പെടുന്നുണ്ട്. പലതും പുറത്തറിയുന്നില്ലെന്നു മാത്രം.
ചില വൈദികര്‍ തനി കച്ചവടക്കാര്‍ ആയിക്കഴിഞ്ഞു. ഇടവകയിലെ യുവജനങ്ങളെ സംഘടിപ്പിച്ച് മീഡിയ എന്ന ലേബലില്‍ നടത്തുന്ന കച്ചവടം തങ്ങളുടെ കഞ്ഞിയില്‍ മണ്ണ് വാരിയിടുകയാണെന്ന് ഫോട്ടോഗ്രാഫര്‍മാരും വീഡിയോഗ്രാഫര്‍മാരും രോഷത്തോടെ പറയുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി ഇത് തുടരുകയാണെന്നും ഇനിയും ഇത് അനുവദിക്കില്ലെന്നും വിവിധ സംഘടനകളുടെ സംയുക്ത സമരസമിതി നേതാക്കള്‍ പറഞ്ഞു. തിരുമേനിമാരുടെയും മെത്രാന്‍മാരുടെയും പേരിലാണ് പല മീഡിയകളും. കാലംചെയ്തവരെപ്പോലും വെറുതെവിടുന്നില്ല. അവരുടെ പേര് കച്ചവടത്തിന് ഉപയോഗിച്ച് തട്ടിപ്പ് നടത്തുകയാണെന്ന് ഫോട്ടോഗ്രാഫര്‍മാര്‍ പറയുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ചില വൈദികരാണ്. പണിചെയ്യുന്ന യുവജനങ്ങള്‍ക്ക് ചില്ലറ കൊടുത്ത് ഒതുക്കും. ബാക്കിയൊക്കെ നടത്തിപ്പുകാരനായ അച്ചന്റെ പോക്കറ്റിലേക്കാണ് വീഴുന്നത്. ഇതൊന്നും ആരും ചോദ്യംചെയ്യാറില്ല. താന്‍ കൂദാശ ചെയ്യണമെങ്കില്‍ ഈ കച്ചവടവും തങ്ങള്‍ക്കു കിട്ടണമെന്ന് ചില വൈദികര്‍ നിര്‍ബന്ധം പിടിക്കാറുണ്ടെന്നും പറയുന്നു. പഠിച്ചുകൊണ്ടിരിക്കുന്ന യുവാക്കളാണ് കൂടുതലും ഈ രംഗത്തേക്ക് കടന്നുവരുന്നത്. പ്രോഗ്രാം ഉള്ള ദിവസം പഠനംപോലും ഇവര്‍ ഉപേക്ഷിക്കുന്നു. ഭക്ഷണത്തോടൊപ്പം തരക്കേടില്ലാത്ത കൈമടക്കും കിട്ടുന്നതിനാല്‍ കൂടുതല്‍ യുവാക്കള്‍ ഈ മേഖലയിലേക്ക് ആകര്‍ഷിക്കപ്പെടുകയാണ്. വൈദികരുടെ പ്രലോഭനവും ഇതിന്റെ പിന്നിലുണ്ട്.
മീഡിയ എന്ന ബോര്‍ഡ് വെച്ച് വണ്ടി തലങ്ങും വിലങ്ങും ഓടുമ്പോള്‍ പൊതുജനം ധരിക്കുന്നത് മാധ്യമ പ്രവര്‍ത്തകര്‍ ആണെന്നാണ്. പരിശോധനക്ക് പോലീസും കൈകാണിക്കില്ല എന്നതിനാല്‍ കൂടുതല്‍പേര്‍ ഈ രംഗത്തേക്ക് കടന്നു വരുന്നു. മാധ്യമ പ്രവര്‍ത്തകരാണ് സാധാരണ പ്രസ് സ്റ്റിക്കറുകളും മീഡിയ ലേബലുകളും ഉപയോഗിക്കുന്നത്. എന്നാല്‍ വിവാഹവും മരണവും വീഡിയോ എടുക്കാന്‍ പോകുന്നവര്‍ മീഡിയ എന്ന് വാഹനത്തില്‍ എഴുതിവെച്ചാണ് പോകുന്നത്. ഇതിനെതിരെ കര്‍ശന നടപടിയെടുക്കുവാന്‍ പോലീസ് തയ്യാറാകണം. മാധ്യമ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് പത്രപ്രവര്‍ത്തക സംഘടനകള്‍ തിരിച്ചറിയല്‍ കാര്‍ഡും പ്രസ്സ് സ്റ്റിക്കറുകളും എല്ലാ വര്‍ഷവും നല്‍കാറുണ്ട്. ഇതിലൂടെ യഥാര്‍ഥ മാധ്യമ പ്രവര്‍ത്തകരെ തിരിച്ചറിയുവാന്‍ കഴിയും.