സുല്‍ത്താന്‍ബത്തേരി : രണ്ടുമാസം മുമ്പ് ബത്തേരി റഹ്മത്ത് നഗര്‍ സ്വദേശിയായ ജിനീഷിന്റെ പിക്കപ്പ് വാന്‍ മോഷ്ടിച്ച കേസില്‍ മൂന്നുപേരെ പോലീസ് പിടികൂടി. മലപ്പുറം സ്വദേശികളായ അങ്ങാടിപ്പുറം പള്ളിപ്പുറം വീട്ടില്‍ മുഹമ്മദാലി (43), തേലക്കാട് തളിയില്‍ രത്നകുമാര്‍ (42), തമിഴ്‌നാട് ചേരമ്പാടി മഞ്ഞംപ്രിയത്തില്‍ നസീര്‍ (55) എന്നിവരെയാണ് അറസ്റ്റുചെയ്തത്. ബത്തേരി എസ്.ഐ. പി.ജി. രാംജിത്തിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.ഡി. സന്തോഷ്, സിവില്‍ പോലീസ് ഓഫീസര്‍ എ.വി. നൗഫല്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
രണ്ടുമാസം മുമ്പാണ് ഇവര്‍ ജിനീഷിന്റെ പിക്കപ്പ് വാന്‍ മോഷ്ടിച്ചത്. മോഷ്ടിച്ച പിക്കപ്പ് വാന്‍ തമിഴ്‌നാട്ടില്‍ വിറ്റെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ വിവരം. പ്രതികള്‍ മുമ്പ് കഞ്ചാവുകേസുകളില്‍ പ്രതികളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.