റാന്നി: പിച്ചനാട്ട്-വട്ടമറ്റം പടി റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവലാതിക്ക് നവകേരള സദസ് പരിഹാരമേകുമെന്ന പ്രതീക്ഷയില്‍ നാട്ടുകാര്‍. പഴവങ്ങാടി ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡായ വാകത്താനത്തെ പതിനഞ്ചോളം കുടുംബങ്ങളുടെ ഏക ആശ്രയമായ റോഡാണ് പിച്ചനാട്ട്-വട്ടമറ്റം പടി. ഈ റോഡ് 50 വർഷത്തിലേറെയായി പുനർനിർമാണം കാത്തു കിടക്കുകയാണ്. കോട്ടയം ജില്ലയിലെ എരുമേലി വനം റേഞ്ചിന് കീഴിലുള്ള പ്ലാച്ചേരി ഫോറെസ്റ്റ് സ്റ്റേഷൻ പരിധിയിലുള്ളതാണ്. വനം വകുപ്പിന്റെ അനുമതി ലഭിക്കാത്തതായിരുന്നു നിർമാണം നടക്കാന്‍ വൈകുന്നതിന്‍റെ കാരണം. എന്നാൽ വാർഡംഗം ജോയ്‌സി ചാക്കോ അന്തരിച്ച ഓയിൽ പാം ഇന്‍ഡ്യ ചെയർമാൻ എം. വി. വിദ്യാധരൻ മുഖേന വനംവകുപ്പ് മന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ ഫലമായി കോട്ടയം ഡി എഫ് ഒ യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഈ റോഡ് സന്ദർശിക്കുകയും റോഡ് കോൺക്രീറ്റ് ചെയ്യാൻ അനുമതി നൽകുകയും ചെയ്തു.
ഏകദേശം ഒരു കിലോമീറ്റർ അടുത്ത് ദൂരം വരുന്ന ഈ റോഡിനുള്ള ഫണ്ട് ലഭ്യമായിട്ടില്ല. ഇവിടെ താമസിക്കുന്ന കുടുംബങ്ങളിൽ ഏറെയും ക്ഷീര കർഷകരാണ്. കാൽനട പോലും ബുദ്ധിമുട്ടായ ഈ റോഡിലൂടെ ഇരുചക്ര വാഹനത്തില്‍ പോലും പോവാന്‍ ആവില്ല. സ്കൂളിൽ പോകുന്ന കുട്ടികൾ ഏറെ ദുരിതത്തിലാണ്. ഇവിടെയുള്ള വെച്ചൂർ വീട്ടിലെ തോമസിന് 96വയസുണ്ട്. ഇദ്ദേഹത്തിന്റെ ആകെ ഒരു ആഗ്രഹം തന്റെ വീട്ടിലേക്ക് ഒരു വാഹനം കേറിവരണമെന്നാണ്. അതിന് വകുപ്പ് മന്ത്രിയുടെ സഹായത്തിനായി കാത്തിരിക്കുകയാണ് പ്രദേശവാസികൾ. ഡിസംബർ 17ന് റാന്നിയിൽ നടക്കുന്ന നവകേരള സദസിൽ ഇതിന് പരിഹാരം കാണുമെന്ന ഉറച്ച വിശ്വാസത്തിൽ ആണ് വാർഡംഗം ജോയ്‌സി ചാക്കോയും പ്രദേശവാസികളും.