തിരുവനന്തപുരം : കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങള്‍ക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം ആരോപണങ്ങള്‍ ഉയര്‍ത്തിക്കൊണ്ടേയിരിക്കും. വിമര്‍ശനങ്ങളെ പോസിറ്റീവായി എടുക്കണമെന്നാണ് പ്രതിപക്ഷം പറയുന്നത്. നല്ല കാര്യം തന്നെ. അത് തള്ളിക്കളയുന്ന സര്‍ക്കാരല്ല ഇത്. പക്ഷേ തെറ്റായ പ്രചാരണങ്ങളും കുത്തിത്തിരിപ്പുകളും കൊണ്ടുവരരുതെന്ന് അദ്ദേഹം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് മറുപടി നല്‍കി. കെട്ടുകഥകള്‍ ചുമന്നുകൊണ്ടുവന്നാല്‍ സര്‍ക്കാരിന് ഒന്നും ചെയ്യാനാകില്ല. അത് ചുമക്കുന്നവര്‍ തന്നെ പേറേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
സ്വാധീനിക്കാനാവുന്നവരെ അടര്‍ത്തിമാറ്റുക, അവരില്‍ സംശയമുണ്ടാക്കുക, ആ പ്രവര്‍ത്തനത്തില്‍ സജീവമാകാതിരിക്കാന്‍ പ്രേരിപ്പിക്കുക, അതാണോ ഇപ്പോള്‍ ചെയ്യേണ്ടത്? ഈ നാടിന്റെ അനുഭവം കണ്ടല്ലോ. ജനങ്ങള്‍ ഒരുമയോടെ കൊവിഡ് പ്രതിരോധത്തില്‍ അണിനിരക്കുന്നു. ആക്ഷേപങ്ങള്‍ക്ക് വിലകല്‍പിച്ചെങ്കില്‍ ഇന്നത്തെ കാഴ്ചയുണ്ടാകുമോ? കോണ്ടാക്‌ട് ട്രേസിംഗ് മികച്ച രീതിയില്‍ നടത്തിയേ തീരൂ എന്നും മുഖ്യമന്ത്രി പറഞ്ഞു.
ആരോഗ്യപ്രവര്‍ത്തകരെ പൂര്‍ണമായി ഒഴിവാക്കിയെന്ന തോന്നലിനെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് പ്രതിപക്ഷം ശ്രമിച്ചത്. സംസ്ഥാനത്തെ പോലിസ് രാജ് നടപ്പാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് ആരോപിച്ചത്. എന്ത് കണ്ടിട്ടാണ് ഈ ആക്ഷേപം? ഒരു വശത്ത് ആരോഗ്യപ്രവര്‍ത്തകരെ ആക്ഷേപിക്കുന്നുവെന്ന് പറയുക. മറുപക്ഷത്ത് പോലിസ് ഇടപെടല്‍ മരവിപ്പിക്കുക. ഇതോടെ കൊവിഡ് സംസ്ഥാനത്ത് പടര്‍ന്നുപിടിക്കും.
ഇതറിയാത്ത ആളാണോ പ്രതിപക്ഷനേതാവ്? എന്തിനാണ് ഈ ഇരട്ടമുഖം? പല തരത്തിലുള്ള പ്രതീക്ഷയോടെ ഇരുന്ന ആളുകളുണ്ടല്ലോ? പ്രളയം വരും, വരള്‍ച്ച വരുമെന്നൊക്കെ. ഇവരില്‍ നിന്ന് വേറെന്ത് പ്രതീക്ഷിക്കാനാണ്?
കൊവിഡ് പ്രതിരോധം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. നമ്മളേറെ മുന്നിലാണ്. എന്നിട്ടും പറയുന്നു, സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന്. ആരോടാണിത് പറയുന്നത്? ജനങ്ങളോടോ? ജനങ്ങളില്‍ എല്ലാവരുമില്ലേ? ഏതെങ്കിലും ഒരു വിഭാഗക്കാര്‍ മാത്രമാണോ ഉള്ളതെന്നു ചോദിച്ച അദ്ദേഹം ജനങ്ങള്‍ എല്ലാം തിരിച്ചറിയുന്നുണ്ടെന്നും പറഞ്ഞു.