കോഴിക്കോട് : എല്ലാ കേസന്വേഷണങ്ങളിൽ നിന്നും അവസാന നിമിഷം രക്ഷപ്പെടുന്ന പിണറായി വിജയൻ ബി.ജെ.പിയുമായും അമിത്ഷായുമായുമുണ്ടാക്കിയ കരാർ എന്താണെന്ന് അറിയാൻ ജനങ്ങൾക്ക് താത്പര്യമുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കി. സമരാഗ്‌നി ജാഥയ്ക്ക് കോഴിക്കോട് കടപ്പുറത്ത് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സ്വർണക്കടത്തു കേസിൽ ഇടനിലക്കാരിയായിരുന്ന സ്വപ്നാ സുരേഷ് കോടതിയിൽ നൽകിയ രഹസ്യമൊഴി നിലനിൽക്കുമ്പോഴും കേന്ദ്ര ഏജൻസിയുടെ അന്വേഷണം ഇഴയുകയാണ്.
സമരാഗ്‌നി കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ നാടിന്റെ മനസിനകത്ത് കത്തി ജ്വലിക്കുന്ന വികാരമാണ്. നവ കേരള യാത്രയ്ക്കിടയിൽ പിണറായി വിജയൻ മുതലാളിമാരെ കണ്ടപ്പോൾ തങ്ങൾ പട്ടിണി കിടക്കുന്നവരുമായാണ് സംവദിക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷത്തിന് എതിരായി എന്തു ചെയ്യാം എന്നാണ് ബി.ജെ.പി ദിവസവും ആലോചിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.