തിരുവനന്തപുരം : പതിവായി മുസ്‌ലിം മന്ത്രിമാർക്കു നൽകിയിരുന്ന ന്യൂനപക്ഷ ക്ഷേമം കൂടി ഏറ്റെടുത്ത് ആകെ 29 വകുപ്പുകളുടെ നാഥനായി മുഖ്യമന്ത്രി പിണറായി വിജയൻ. ഏറ്റവുമധികം വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെന്ന കഴിഞ്ഞ ഭരണകാലയളവിലെ തന്റെ റെക്കോർഡ് പിണറായി സ്വയം തിരുത്തി. പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ജയിൽ, ഐടി, വിമാനത്താവളം തുടങ്ങിയവയാണു മുഖ്യമന്ത്രിയുടെ മറ്റു പ്രധാന വകുപ്പുകൾ.
കെ.കെ.ശൈലജയ്ക്കു കീഴിലായിരുന്ന സാമൂഹിക നീതിയും വനിത, ശിശു വികസനവും എന്ന ഒറ്റ വകുപ്പിനെ രണ്ടായി വിഭജിച്ച് ‘സാമൂഹിക നീതി’യെ ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദുവിനു നൽകി, വനിതാ, ശിശു വികസനം വീണാ ജോർജിനും നല്‍കി.
സ്പോർട്സും യുവജന കാര്യവും വകുപ്പിനെയും വിഭജിച്ച് മന്ത്രി വി. അബ്ദുറഹിമാന് സ്പോർട്സും ഫിഷറീസ് മന്ത്രി സജി ചെറിയാന് യുവജന കാര്യവും നൽകി. വ്യാഴാഴ്ച സത്യപ്രതിജ്ഞയ്ക്കു ശേഷം സർക്കാർ നൽകിയ പട്ടിക ഗവർണർ അംഗീകരിച്ചതോടെ രാത്രി വിജ്ഞാപനം പുറപ്പെടുവിച്ചു.
കഴിഞ്ഞ തവണ സിപിഐയിലെ ഇ.ചന്ദ്രശേഖരൻ വഹിച്ച ദുരന്ത നിവാരണ വകുപ്പ് ഇത്തവണ ആർക്കാണെന്നു വിജ്ഞാപനത്തിലില്ല. അതിനാൽ ഇതു മറ്റു വകുപ്പുകൾ എന്ന വിഭാഗത്തിൽ മുഖ്യമന്ത്രിക്കു കീഴിലായി. വിഎസ് സർക്കാരിന്റെ കാലത്തു രൂപീകരിച്ച ന്യൂനപക്ഷ ക്ഷേമ വകുപ്പിൽ ആദ്യത്തെ മന്ത്രി സിപിഎമ്മിൽ നിന്നുള്ള പാലോളി മുഹമ്മദ് കുട്ടിയായിരുന്നു. പിന്നീടു വന്ന ഉമ്മൻചാണ്ടി സർക്കാർ ലീഗിലെ മഞ്ഞളാംകുഴി അലിക്കും കഴിഞ്ഞ പിണറായി സർക്കാർ എൽഡിഎഫ് സ്വതന്ത്രനായ കെ.ടി. ജലീലിനും വകുപ്പു നൽകി.
ഇത്തവണ മലപ്പുറം ജില്ലയിലെ തിരൂരിൽനിന്നു ജയിച്ച എൽഡിഎഫ് സ്വതന്ത്രൻ വി. അബ്ദുറഹിമാന് വകുപ്പു നൽകുമെന്നായിരുന്നു കരുതിയിരുന്നത്. വകുപ്പിലെ സ്കോളർഷിപ്പും മറ്റ് ആനുകൂല്യങ്ങളും ഒരു മത വിഭാഗത്തിൽപ്പെട്ടവർക്കു മാത്രം കൈമാറുന്നുവെന്ന ആക്ഷേപം കൂടി കണക്കിലെടുത്താണു പാർട്ടി തീരുമാനം അനുസരിച്ച് മുഖ്യമന്ത്രി വകുപ്പ് ഏറ്റെടുത്തതെന്നാണു സൂചന. ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റ്, ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ, മൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ എന്നിവയാണ് ന്യൂനപക്ഷ വകുപ്പിനു കീഴിലെ സ്ഥാപനങ്ങൾ.