തിരുവനന്തപുരം : മുഖ്യമന്ത്രി നിരീക്ഷണത്തില്‍ പോകുന്ന സാഹചര്യത്തില്‍ നാളെ നടക്കുന്ന സ്വാതന്ത്ര്യ ദിന പരിപാടിയില്‍ തിരുവനന്തപുരത്ത് സഹകരണ, ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ദേശീയ പതാക ഉയര്‍ത്തും. മറ്റു ജില്ലകളിലും സമാനമായ ക്രമീകരണം വരുത്തും. പ്രാഥമിക പട്ടികയില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നു മന്ത്രിമാരായ വി.എസ്.സുനില്‍ കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍ എന്നിവര്‍ നേരത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നു.
മുഖ്യമന്ത്രിയും മന്ത്രിമാരും നിരീക്ഷണത്തില്‍ പോകുന്നതുകൊണ്ട് ഭരണപരമായി പ്രതിസന്ധി ഉണ്ടാകില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. തിരുവനന്തപുരത്ത് കോവിഡ് ബാധ രൂക്ഷമായതിനെത്തുടര്‍ന്ന് സെക്രട്ടേറിയറ്റ് അടച്ചപ്പോള്‍ ഓണ്‍ലൈന്‍ വഴിയാണ് മന്ത്രിസഭായോഗം ചേര്‍ന്നത്. മുഖ്യമന്ത്രി ക്ലിഫ്ഹൗസിലിരുന്നും മന്ത്രിമാര്‍ വീടുകളിലിരുന്നും മന്ത്രിസഭായോഗത്തില്‍ പങ്കെടുത്തു. ഈ ഫയല്‍ സംവിധാനമുള്ളതിനാല്‍ ഫയല്‍നോട്ടത്തിനും ബുദ്ധിമുട്ടില്ല. മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താസമ്മേളനം ഇനിയൊരറിയിപ്പ് വരെ ഉണ്ടായിരിക്കുന്നതല്ല.