പത്തനംതിട്ട : പിണറായി സര്‍ക്കാരും അതിന് നേതൃത്വം നല്‍കുന്ന സി.പി.എം പാര്‍ട്ടിയും എക്കാലവും വേട്ടക്കാര്‍ക്കൊപ്പമാണെന്ന് നവീന്‍ ബാബുവിന്‍റെ മരണം സംബന്ധിച്ച് സി.ബി.ഐ അന്വേഷണ ആവശ്യത്തെ തുരങ്കം വെച്ചതിലൂടെ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. എം.എം. നസീര്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്‍റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്‍റെ ദുരൂഹ മരണത്തിലെ ദുരൂഹത അവസാനിപ്പിച്ച് നീതി ലഭ്യമാക്കുവാന്‍ കുടുംബത്തിന്‍റെ തന്നെ ആവശ്യമായ സി.ബി.ഐ അന്വേഷണത്തെ കോടതിയില്‍ എതിര്‍ത്ത സര്‍ക്കാര്‍ സി.പി.എം നേതാക്കള്‍ക്ക് വഴങ്ങി പ്രതികളെ രക്ഷിക്കുവാനാണ് ശ്രമിച്ചതെന്നും തങ്ങള്‍ കുടുംബത്തോടൊപ്പം ആണെന്ന് പറഞ്ഞ സി.പി.എം സംസ്ഥാന നേതാക്കളുടെ പൊയ്മുഖം അഴിഞ്ഞു വീണിരിക്കുകയാണെന്നും അഡ്വ. എം.എം. നസീര്‍ പറഞ്ഞു.
ഇരയ്ക്കും വേട്ടക്കാരനുമൊപ്പം സഞ്ചരിക്കുകയും അവസാനം വേട്ടക്കാരനൊപ്പം ചേരുകയും ചെയ്യുന്ന കാപട്യത്തിന്‍റെ അപ്പോസ്തലന്മാരായി സി.പി.എം നേതാക്കള്‍ മാറിയിരിക്കുകയാണ്. ഇത് തിരിച്ചറിഞ്ഞ് ജനങ്ങള്‍ അടുത്ത തിരഞ്ഞെടുപ്പുകളില്‍ പ്രതികരിക്കുമെന്നും കെ.പി.സി.സി ജനറല്‍ സെക്രട്ടറി പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി നിര്‍വാഹക സമിതി അംഗം അഡ്വ. ഇബ്രാഹിംകുട്ടി കല്ലാര്‍, യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ എ. ഷംസുദ്ദീന്‍, ഡി.സി.സി സംഘടനാകാര്യ ജനറല്‍ സെക്രട്ടറി സാമുവല്‍ കിഴക്കുപുറം, ജനറല്‍ സെക്രട്ടറിമാരായ സജി കൊട്ടയ്ക്കാട്, കാട്ടൂര്‍ അബ്ദുള്‍സലാം, എലിസബത്ത് അബു, ബ്ലോക്ക് പ്രസിഡന്‍റുമാരായ ദീനാമ്മ റോയി, ആര്‍. ദേവകുമാര്‍, സഖറിയ വര്‍ഗീസ്, കെ. ശിവപ്രസാദ്, സിബി താഴത്തില്ലത്ത് എന്നിവര്‍ പ്രസംഗിച്ചു.