കല്ലൂപ്പാറ : മലയാളിയുടെ സവിശേഷ ആഘോഷമായ ഓണക്കാലത്ത് ആവശ്യസാധനങ്ങൾ ന്യായവിലയ്ക്ക് എത്തിച്ചു നൽകേണ്ടതിന് പകരം അവയ്ക്ക് വില കൂട്ടി ജനങ്ങളെ നിർദയ പ്രഹരത്തിനു വിധേയമാക്കുന്നതാണ് പിണറായി സർക്കാരിന്റെ ഈ വർഷത്തെ ഓണസമ്മാനമെന്ന് കേരളാ കോൺഗ്രസ് വൈസ് ചെയർമാൻ ജോസഫ് എം. പുതുശ്ശേരി. കോർപ്പറേറ്റുകൾ നടത്തുന്ന മാളുകളിലും വൻകിട വ്യാപാര സ്ഥാപനങ്ങളിലും വരെ വില കുറച്ചു സാധനങ്ങൾ വിൽക്കുന്ന ഓണക്കാലത്ത് പൊതു വിപണിയിൽ വില നിയന്ത്രിക്കാൻ ഉണ്ടാക്കിയ സപ്ലൈകോ തന്നെ ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന അരിക്കും പഞ്ചസാരക്കും പരിപ്പിനുമടക്കം വില കൂട്ടിയിട്ട് അതിനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അപാരം തന്നെ. ദുർഭരണവും അഴിമതിയും കൊണ്ട് ഒറ്റപ്പെട്ട സർക്കാരിന് പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജനങ്ങൾ കരുതിവെച്ച് നൽകിയ സമ്മാനത്തിൽ പ്രകോപിതരായി ജനങ്ങളെ ആവുന്നത്ര ശിക്ഷിക്കാനും ബുദ്ധിമുട്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്.
തിരുത്തൽ വായ്ത്താരിയിൽ ഒതുക്കി ജനപീഡനം സാർവത്രികമാക്കുന്നതാണ് ഇതിലൂടെയെല്ലാം തെളിയുന്നതെന്നും പുതുശ്ശേരി പറഞ്ഞു. മാവേലി സ്റ്റോർ ഉൾപ്പെടെയുള്ള സിവിൽ സപ്ലൈസ് ഔട്ട്ലെറ്റുകൾ വഴിയും ഓണച്ചന്തകൾ വഴിയും വിതരണം ചെയ്യുന്ന അരിക്കും പഞ്ചസാരയും പരിപ്പിനുമടക്കം വില വർദ്ധിപ്പിച്ചതിലും അത്യാവശ്യ സാധനങ്ങളുടെ ദൗർലഭ്യത്തിലും പ്രതിഷേധിച്ച് കേരളാ കോൺഗ്രസ് കല്ലുപ്പാറ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പുതുശ്ശേരി മാവേലി സ്റ്റോറിന് മുമ്പിൽ നടത്തിയ കൂട്ടധർണ
ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പാർട്ടി മണ്ഡലം പ്രസിഡന്റ് ടി. എം. മാത്യു അധ്യക്ഷത വഹിച്ചു. സീനിയർ ജനറൽ സെക്രട്ടറി കുഞ്ഞുകോശി പോൾ, ബ്ലോക്ക് പഞ്ചായത്ത് അംഗം ലൈല അലക്സാണ്ടർ, ഗ്രാമപഞ്ചായത്തംഗം പി. ജ്യോതി, ജെയിംസ് കാക്കനാട്ടിൽ, രാജൻ വരിക്കപ്ലാമൂട്ടിൽ, വർഗീസുകുട്ടി മാമൂട്ടിൽ, സണ്ണി ഫിലിപ്പ്, സുരേഷ് സ്രാമ്പിക്കൽ, തങ്കമണി ഗോവിന്ദൻ, എലിസബത്ത് ആന്റണി, സി. എ. ചാക്കോ, ഉമ്മൻ ചാണ്ടപ്പിള്ള, മാത്തൻ വർഗീസ്, ഐപ്പ് പുലിപ്ര, ഒ. എം. മാത്യു, രാജു തങ്ങളത്തിൽ, ജെയിംസ് ചക്കാലമുറി, വി. കെ. തങ്കപ്പൻ, സാബു മണ്ണഞ്ചേരി, എന്നിവർ പ്രസംഗിച്ചു.