തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ പി.ജി കോഴ്സ് പ്രവേശനത്തിലെ സംവരണ അട്ടിമറി തിരുത്താതെ സര്‍ക്കാര്‍. മെഡിക്കല്‍ ബിരുദ (എം.ബി.ബി.എസ്) പ്രവേശനത്തില്‍ മുന്നോക്ക സംവരണത്തിന് വഴിവിട്ട് നല്കിയ സീറ്റുകള്‍ വിവാദമായതോടെ പിന്‍വലിച്ചെങ്കിലും പി.ജി കോഴ്സുകളിലെ സംവരണ അട്ടിമറി തിരുത്തിയിട്ടില്ല.
പി.ജി കോഴ്സുകളില്‍ മുന്നോക്ക സംവരണത്തിന് മാത്രം പത്ത് ശതമാനം സീറ്റുകള്‍ നല്കിയപ്പോള് പിന്നോക്ക സംവരണ വിഭാഗങ്ങള്‍ക്ക് (എസ്.ഇ.ബി.സി) ആകെയുള്ളത് ഒന്‍പത് ശതമാനമാണ്. ഈഴവ, മുസ്ലിം, ലത്തീന്‍ കത്തോലിക്ക, പിന്നോക്ക ഹിന്ദു, പിന്നോക്ക ക്രിസ്ത്യന്‍, കുഡുംബി എന്നീ സമുദായങ്ങള്‍ക്ക് ഒന്നിച്ച് ഒന്‍പത് ശതമാനം മാത്രം സംവരണം നല്കുമ്പോള് പുതുതായി ഏര്‍പ്പെടുത്തിയ മുന്നോക്ക സംവരണത്തിന് അനുവദിക്കുന്നത് പത്ത് ശതമാനം സീറ്റാണ്.
ഇത് വിവാദമായതോടെ വിഷയം പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് പിന്നോക്ക വിഭാഗ കമ്മീഷനെ കഴിഞ്ഞ നവംബറില്‍ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ കമ്മീഷന് റിപ്പോര്‍ട്ട് വൈകിയതോടെ തുടര്‍നടപടികളുമുണ്ടായില്ല. ഇതോടെ അടുത്ത മെഡിക്കല്‍ പി.ജി പ്രവേശനത്തിലും പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സംവരണ സീറ്റുകള്‍ ലഭിക്കാത്ത സാഹചര്യമായി.
മെഡിക്കല്‍ പി.ജി പ്രവേശനത്തിനുള്ള നീറ്റ് പി.ജി പരീക്ഷ ഏപ്രില്‍ 18ന് നടക്കും. പ്രവേശന നടപടികള്‍ ജൂണില്‍ ആരംഭിക്കും. ഇതിന് മുമ്പ് പ്രോസ്പെക്ടസ് പ്രസിദ്ധീകരിക്കണം.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വരുംമുമ്പ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും തുടര്‍നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍ അടുത്ത മെഡിക്കല്‍ പി.ജി പ്രവേശനത്തില്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് അര്‍ഹതപ്പെട്ട സീറ്റ് നഷ്ടപ്പെടില്ലായിരുന്നു. ഇനി റിപ്പോര്‍ട്ട് സമര്‍പ്പിച്ചാലും പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം പരിഗണിച്ചശേഷമേ നടപ്പാക്കാനാകൂ. അപ്പോഴേക്കും മെഡിക്കല്‍ പി.ജി പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ട സമയം പിന്നിടും. റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് കമീഷന്റെ പരിഗണനയിലാണെന്ന് ചെയര്മാന് ജസ്റ്റിസ് ജി. ശശിധരന് പറഞ്ഞു.
മെഡിക്കല്‍, എന്‍ജിനീയറിങ് ഉള്‍പ്പെടെയുള്ള ബിരുദ കോഴ്സുകളില്‍ എസ്.ഇ.ബി.സി സംവരണം 30 ശതമാനമാണ്. ബിരുദ കോഴ്സുകളിലും പി.ജി കോഴ്സുകളിലും മുന്നോക്ക സംവരണം പത്ത് ശതമാനം ഏര്‍പ്പെടുത്തിയപ്പോഴാണ് ജനസംഖ്യയുടെ 65 വരുന്ന പിന്നോക്ക സമുദായങ്ങള്‍ക്ക് പി.ജി കോഴ്സുകളില്‍ സംവരണം ഒന്‍പത് ശതമാനത്തില്‍ ഒതുക്കിയത്. പ്രശ്നത്തില്‍ നാലുമാസത്തിനകം തീര്‍പ്പ് കല്‍പ്പിക്കണമെന്ന് കഴിഞ്ഞ ഡിസംബര്‍ ഏഴിന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.