തിരുവനന്തപുരം: പുതിയ പിണറായി സര്‍ക്കാരില്‍ മന്ത്രിമാരും സ്റ്റാഫ് അംഗങ്ങളും പുതുമുഖങ്ങളായിരിക്കും. സിപിഎം സംസ്ഥാന കമ്മിറ്റി അംഗങ്ങളോ ജില്ലാ കമ്മിറ്റി അംഗങ്ങളോ ആയിരിക്കും മന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിമാരായി എത്തുക. മുഖ്യമന്ത്രിയുടെ ഓഫീസിലും അഴിച്ചുപണിയുണ്ടാകും.
അടിമുടി പുതുമക്കാണ് രണ്ടാം പിണറായി സര്‍ക്കാരില്‍ ശ്രമം. കെ.കെ ഷൈലജ ഒഴികെയുള്ള നിലവിലെ മന്ത്രിമാരെ മുഴുവന്‍ മാറ്റാനുള്ള ചര്‍ച്ചകളാണ് സിപിഎമ്മില്‍ പുരോഗമിക്കുന്നത്. നിലവിലെ മന്ത്രിമാരുടെ പേഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളെ ആരും പുതിയ മന്ത്രിമാരുടെ ഓഫീസില്‍ വെക്കേണ്ടെന്നാണ് പാര്‍ട്ടിയുടെ അടുത്ത ധാരണ. സ്റ്റാഫ് അംഗങ്ങളിലും പുതിയ ആളുകള്‍ വരട്ടെ എന്നാണ് ചര്‍ച്ച.
പ്രൈവറ്റ് സെക്രട്ടറിമാരായി പാര്‍ട്ടി നിയമനം ഉണ്ടാകുമ്പോള്‍ ഒരു ഉദ്യോഗസ്ഥനെ സ്‌പെഷ്യല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കും. 27 സ്റ്റാഫ് അംഗങ്ങളെ മന്ത്രിമാര്‍ക്ക് നിയമിക്കാം. ഇതില്‍ മൂന്നോ നാലോ അംഗങ്ങളായിരിക്കും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. മിടുക്കരായ ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാന്‍ സര്‍വ്വീസ് സംഘടനകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉയര്‍ന്ന വിദ്യാഭ്യാസമുള്ള പാര്‍ട്ടി അംഗങ്ങളായ ചെറുപ്പക്കാര്‍ക്കാകും പേഴ്‌സണല്‍ സ്റ്റാഫില്‍ സാധ്യത കൂടുതല്‍. ഓരോ വകുപ്പിന്റെയും പ്രവര്‍ത്തനങ്ങളും നേട്ടങ്ങലുമെല്ലാം ജനങ്ങളെ അറിയിക്കാന്‍ മന്ത്രി ഓഫീസുകളില്‍ മികച്ച പിആര്‍ഒ സംവിധാനവുമുണ്ടാകും. തീര്‍ത്തും പ്രൊഫഷണലായ ഓഫീസുകളായിരിക്കാനാണ് തീരുമാനം.
പിണറായി തുടരുമ്പോള്‍ ഓഫീസില്‍ അഴിച്ചു പണിയുണ്ടാകാന്‍ ഇടയുണ്ട്. പുതിയ പൊളിറ്റിക്കല്‍ സെക്രട്ടറിയും പ്രൈവറ്റ് സെക്രട്ടറിയുമാണെത്തുക. ചുരുക്കം ചില പേഴ്‌സണ്‍ സ്റ്റാഫ് അംഗങ്ങള്‍ മാത്രം തുടര്‍ന്നേക്കും. ഏറെ വിവാദമായ ഉപേദേശകര്‍ മുഖ്യമന്ത്രിക്ക് ഇനി ഉണ്ടാകുമോയെന്ന കാര്യത്തില്‍ തീരുമായിട്ടില്ല. ഇക്കാര്യത്തില്‍ പിണറായി തന്നെ അന്തിമ തീരുമാനമെടുക്കും.