തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച് തൃശൂരിലെ യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ. പിണറായി വിജയൻ ഇ.ഡിയെ പേടിക്കുന്ന മുഖ്യമന്ത്രിയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അമിത് ഷാക്കുമെതിരെ ഒന്നും മിണ്ടുന്നില്ലെന്നും മുരളീധരൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ മൗനം ഇ.ഡിയെ പേടിച്ചാണണെന്നും ആരോപിച്ചു. എല്ലാദിവസവും പിണറായി വിജയൻ ചോദ്യം ചോദിക്കുന്നത് രാഹുൽഗാന്ധിയോടാണെന്നും പകരം നരേന്ദ്രമോദിയോട് ചോദ്യം ചോദിച്ചാൽ കുടുംബം അകത്താകും എന്ന ഭയമാണ് പിണറായി വിജയനെന്നും പറഞ്ഞു. രാജസ്ഥാനിൽ കോൺഗ്രസിനൊപ്പം മത്സരിച്ചാണ് സിപിഎം കേരളത്തിൽ കോൺഗ്രസ് വിരുദ്ധ നിലപാട് സ്വീകരിക്കുന്നതെന്നും അവിടെ ഒരു സീറ്റ് വിട്ടുകൊടുത്തിരിക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.
അവിടെ 25ൽ 24 സീറ്റിലും കോൺഗ്രസാണ് മത്സരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. സിപിഎമ്മിനൊരു ദേശീയ നയമുണ്ടോയെന്നും നിലപാടില്ലാത്ത മുന്നണിക്ക് പ്രസക്തിയില്ലെന്നും പറഞ്ഞു. തനിക്ക് അഭിനയമറിയില്ലെന്നും രാഷ്ട്രീയമേ അറിയൂവെന്നും കെ. മുരളീധരൻ പറഞ്ഞു. എതിർസ്ഥാനാർഥി ഡാൻസ് ചെയ്യുന്നത് സൂചിപ്പിച്ചപ്പോഴായിരുന്നു ഈ പ്രതികരണം. സംസ്ഥാനത്ത് വോട്ട് മറയ്ക്കാൻ എൽഡിഎഫിന് ബിജെപിയുമായി ഡീലുണ്ടെന്നും തൃശൂരിൽ മാത്രം ബിജെപിക്ക് വേണ്ടി എൽഡിഎഫ് വോട്ട് മറിക്കുമെന്നും ആരോപിച്ചു. പകരം വടകര ഉൾപ്പെടെ മണ്ഡലങ്ങളിൽ ബിജെപി സിപിഎമ്മിന് വോട്ടുമറിക്കുമെന്നും പറഞ്ഞു. എന്നാൽ കേരളത്തിലെ 20 സീറ്റുകളിലും കോൺഗ്രസ് ജയിക്കുമെന്ന് അദ്ദേഹം പറയുന്നു.