പത്തനംതിട്ട : ഉമ്മൻ ചാണ്ടിയുടെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ പേരിൽ പിണറായി വിജയൻ മേനി നടിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. വിഴിഞ്ഞം തുറമുഖ പദ്ധതി ട്രയൽ റണ്ണിന്റെ ഉദ്ഘാടന സമ്മേളനത്തിൽ നിന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തിയ സമരപരിപാടിയുടെ ഭാഗമായി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളം കാത്തിരുന്ന പദ്ധതി യാഥാർത്ഥ്യമാക്കുവാൻ ഇഛാശക്തിയോടെ പ്രവർത്തിച്ച ഉമ്മൻ ചാണ്ടിയുടെ പേരിൽ ആറായിരം കോടി രൂപയുടെ അഴിമതി ആരോപിക്കുകയും പദ്ധതി നടപ്പിലാക്കുന്നതിനെതിരെ സമരം സംഘടിപ്പിക്കുകയും ചെയ്ത സി.പി.എം പാർട്ടിയും മുഖ്യമന്ത്രി പിണറായി വിജയനും ഇപ്പോൾ അതിന്റെ പിതൃത്വം ഏറ്റെടുക്കുന്നത് വിരോധാഭാസമാണെന്ന് ഡി.സി.സി പ്രസിഡന്റ് പറഞ്ഞു. പ്രതിപക്ഷ നേതാവിനെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത് സംസ്ഥാനാ സർക്കാരിന്റേയും അതിന് നേതൃത്വം നല്കുന്ന പിണറായി വിജയന്റേയും ധാർഷ്ട്യമാണെന്ന് പ്രൊഫ.സതിഷ് കൊച്ചുപറമ്പിൽ പറഞ്ഞു.
യു.ഡി.എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സക്രട്ടറി അഡ്വ പഴകുളം മധു, മുൻ എം.എൽ.എ ജോസഫ് എം. പുതുശ്ശേരി, യു.ഡി.എഫ് ജില്ലാ കൺവീനർ എ.ഷംസുദ്ദീൻ. യു.ഡി.എഫ് നേതാക്കളായ അബ്ദുൾ മുത്തലിഫ്, തങ്കമ്മ രാജൻ, അനീഷ് വരിക്കണ്ണാമല എ.സുരേഷ്കുമാർ, സാമുവൽ കിഴക്കുപുറം, ജോൺസൺ വിളവിനാൽ ,ജോർജ്ജ് കുന്നപ്പുഴ, ബാബു വർഗീസ്, രാജൻ സാമുൽ , ഹരികുമാർ പ്രൊഫ. പി.കെ. മോഹൻരാജ്, ജെറി മാത്യു സാം, അബ്ദുൾ കലാം ആസാദ്, അജിത് മണ്ണിൽ, പി.കെ. ഇക്ബാൽ, റെനിസ് മുഹമ്മദ്, നാസ്സർ തോണ്ടമണ്ണിൽ എന്നിവർ പങ്കെടുത്തു.