തൃശൂർ : കൊടകര കുഴൽപ്പണക്കേസ് ഉൾപ്പെടെയുള്ള വിഷയത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ പ്രതിയായപ്പോൾ കേരള പോലീസിന് ഇപ്പോൾ കാട്ടുന്ന ആവേശം ഉണ്ടായിരുന്നില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എംപി. അന്ന് ആവേശം കാണിക്കാത്ത പിണറായി വിജയനും അദ്ദേഹത്തിന്റെ പോലീസും കെപിസിസി അധ്യക്ഷനെ കള്ളക്കേസിൽ കുടുക്കിയത് നരേന്ദ്രമോദിയെ സുഖിപ്പിക്കാനാണെന്ന് കെസി വേണുഗോപാൽ ആരോപിച്ചു.
സുധാകരനെ സിപിഎമ്മിനും സർക്കാരിനും ഭയമാണ്. കള്ളക്കേസെടുത്ത ഉടനെ രാജിവെക്കേണ്ടതല്ല കെപിസിസി അധ്യക്ഷപദവി. സർക്കാരിനെ വിമർശിച്ചതിന്റെ പേരിലടുത്ത കള്ളക്കേസിൽ രാജിവെക്കണമെങ്കിൽ ഒരു നേതാവിനും ഒരു സ്ഥാനത്തും തുടരാൻ കഴിയില്ല. കോൺഗ്രസിന്റെ ലക്ഷക്കണക്കിന് പ്രവർത്തകർ സുധാകരനെ കെപിസിസി അധ്യക്ഷ പദവിയിൽ ഇരുത്തിയിരിക്കുന്നത് തെറ്റുകൾക്കെതിരെ പോരാടാനാണ്. എൽഡിഎഫ് സർക്കാരിന്‍റെ അഴിമതിക്കും സിപിഎമ്മിന്റെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും എതിരായ ശക്തമായ പോരാട്ടം സുധാകരൻ തുടരും. അതാണ് അദ്ദേഹത്തിന്‍റെ ഉത്തരവാദിത്വമെന്ന് വേണുഗോപാൽ വ്യക്തമാക്കി.