കോഴിക്കോട് : കടപ്പുറത്ത് ലക്ഷങ്ങള്‍ ചിലവാക്കി നടത്തുന്ന രണ്ടാം എല്‍ഡിഎഫ് സര്ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തെ വരവേറ്റത് ഒഴിഞ്ഞ കസേരകള്‍. കാണികളേക്കാള്‍ കൂടുതല്‍ വേദിയിലായിരുന്നു ആളുകള്‍. നേരിട്ടെത്തുമെന്ന് പറഞ്ഞ മന്ത്രിമാരാകാട്ടെ ഉദ്ഘാടനം ഓണ്‍ലൈനിലുമാക്കി. നാടന്‍ കലാരൂപങ്ങളുടെ അവതരണം വേദിയില്‍ തകര്‍ക്കുകയാണ്. അപ്പോഴാണ് കാണികളുടെ ദൃശ്യങ്ങളും കാണാനായത്. കൂടുതലും ഒഴിഞ്ഞ കസേരകള്‍, അവിടെയും ഇവിടെയുമായി കുറച്ചാളുകളെ കാണാം.
നോമ്പുതുറ സമയം കഴിഞ്ഞ് ഉദ്ഘാടനം ആകുമ്പോഴേയ്ക്കും ആളുകളെത്തുമെന്നായിരുന്നു സംഘാടകരുടെ പ്രതീക്ഷ. എന്നാല്‍, ഉദ്ഘാടന ചടങ്ങ് തുടങ്ങിയപ്പോഴും അവസ്ഥ പഴയത് തന്നെയായിരുന്നു. നേരിട്ടെത്തുമെന്ന് അറിയിച്ചിരുന്ന മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ഓണ്‍ലൈനിലാക്കി. ചില അത്യാവശ്യങ്ങളില്‍ പെട്ടുപോയെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. കോഴിക്കോട്ടെ ഒട്ടുമിക്ക പരിപാടികളിലും എത്താറുള്ള മന്ത്രി അഹമ്മദ് ദേവര്‍ കോവിലിനും സര്‍ക്കാരിന്റെ വാര്‍ഷികാഘോഷത്തിന് സമയം കണ്ടെത്താനായില്ല. അതേസമയം, സംഘാടകര്‍ വാര്‍ത്തയെ എതിര്‍ത്തു. ഒരാഴ്ച്ച നീണ്ട ആഘോഷങ്ങള്‍ തുടങ്ങിയിട്ടേ ഉള്ളുവെന്നും വരും ദിവസങ്ങളില്‍ ആളുകളെത്തുമെന്നുമാണ് സംഘാടകരുടെ വിശദീകരണം.