കൊച്ചി : വര്‍ഗീയതയ്ക്ക് വേരുപിടിക്കാന്‍ കഴിയുന്ന മണ്ണല്ല കേരളമെന്നും വെള്ളിത്തളികയില്‍ ബിജെപിയ്ക്ക് പണയം വെയ്ക്കാനുള്ള പണ്ടമായി കേരളത്തെ മാറ്റാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.
യുഡിഎഫ് ബിജെപി നേതാക്കള്‍ കേരളത്തെക്കുറിച്ച് വ്യാജമായ ചിത്രം ഉണ്ടാക്കുന്നു. ഏതെങ്കിലും സീറ്റില്‍ ഉറപ്പായി ജയിക്കും എന്ന് പറയാന്‍ ബിജെപിക്ക് ഒരു സീറ്റില്ല. യുഡിഎഫ് സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് നിയമസഭയില്‍ അക്കൗണ്ട് തുടങ്ങാനായത്. നേരത്തേ കിട്ടിയ വോട്ട് പോലും ബിജെപിക്ക് ഇത്തവണ കിട്ടില്ല. പ്രധാനമന്ത്രി വന്നിട്ടും കാര്യമില്ല.
ബിജെപിക്കു വളരാന്‍ പറ്റുന്ന മണ്ണല്ല കേരളം.വര്‍ഗീയത ഇളക്കി വിടാനുള്ള ബിജെപി നീക്കം നടക്കില്ല. ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധം കാരണമാണ് ബിജെപിക്ക് വളരാന്‍ പറ്റാത്തത്. കേന്ദ്രം സംസ്ഥാനത്തെ സഹായിച്ചില്ല. പലപ്പോഴും തുരങ്കം വെച്ചു. വര്‍ഗീയതക്ക് കേരളം കീഴ്പ്പെടില്ല. അത്തരമൊരു സംസ്ഥാനത്തെ പാഠം പഠിപ്പിക്കാം എന്നാണ് സംഘപരിവാര്‍ ചിന്തിച്ചത്.
പ്രധാനമന്ത്രി കേരളത്തെ സോമാലിയയോട് ഉപമിച്ചു. നമ്മുടെ നാടിനെ ഇകഴ്ത്തിക്കാണിക്കുന്നു. പ്രളയകാലം ഓര്‍ക്കണം. രക്ഷാപ്രവര്‍ത്തനത്തിന്റെ ബില്ല് നല്‍കിയ അനുഭവം ഉണ്ട്. കേന്ദ്രം അരി നല്‍കിയില്ല എന്ന് അവകാശപ്പെട്ടു. ആ അരിക്കും കണക്ക് പറഞ്ഞ് പണം വാങ്ങി. കേരളത്തെ സഹായിക്കാന്‍ വന്ന രാജ്യങ്ങളെ അതിന് അനുവദിച്ചില്ല. ഇപ്പോള്‍വന്ന് പ്രസംഗിക്കുന്നവര്‍ അന്ന് ചെയ്ത കാര്യങ്ങള്‍ ജനം മറക്കില്ല.