തിരുവനന്തപുരം : തുടര്‍ഭരണമെന്ന ചരിത്രനേട്ടം സ്വന്തമാക്കിയ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് തലസ്ഥാനത്ത് ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറും. കണ്ണൂരിലുള്ള പിണറായി വിജയന്‍ രാവിലെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. മുഖ്യമന്ത്രിയ്ക്കൊപ്പം ആരോഗ്യമന്ത്രി കെ.കെ ശൈലജയും തലസ്ഥാനത്തെത്തും.
രാവിലെ 11.30 നാണ് രാജ്ഭവനില്‍ പിണറായി വിജയന്‍ എത്തുക. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിലായിരിക്കും മന്ത്രിസഭാ രൂപികരണ ചര്‍ച്ചകള്‍ നടക്കുക. ഇതിന് മുന്നോടിയായി കേരളത്തിലെ പോളിറ്റ് ബ്യൂറോ അംഗങ്ങളുടെ യോഗവും ഉണ്ടായിരിക്കും. സത്യപ്രതിജ്ഞ ചടങ്ങുകള്‍ മേയ് രണ്ടാം വാരത്തോടെയാകും എന്നാണ് സൂചനകള്‍.
2016 ലെ തെരഞ്ഞെടുപ്പിനേക്കാള്‍ മികവുറ്റ ജയവുമായാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി അധികാരത്തിലെത്തുന്നത്. 91 സീറ്റ് നേടിയാണ് കഴിഞ്ഞ തവണ അധികാരത്തിലെത്തിയതെങ്കില്‍ ഇത്തവണ 99 സീറ്റ് നേടാനായി. കേരള കോണ്‍ഗ്രസ് എമ്മിന്റെ വരവ് മധ്യകേരളത്തില്‍ ഇടതിന് ഗുണം ചെയ്തു. 11 ജില്ലകളിലും വ്യക്തമായ ആധിപത്യം നേടാന്‍ എല്‍ഡിഎഫിനായി.
നേമത്തെ ബിജെപിയുടെ ഏക അക്കൗണ്ട് വി ശിവന്‍കുട്ടിയിലൂടെ തിരിച്ചു പിടിക്കാന്‍ സാധിച്ചതും നേട്ടമാണ്. എന്നാല്‍ മറുവശത്ത് ഇടത് തംരംഗത്തില്‍ യുഡിഎഫ് കടപുഴകി. എക്കാലത്തേയും ശക്തികേന്ദ്രങ്ങളില്‍ പോലും അടിതെറ്റി. മൂന്ന് പതിറ്റാണ്ടിന് ശേഷം അരുവിക്കര മണ്ഡലം നഷ്ടമായി. മുസ്ലിം ലീഗിന് കാര്യമായ തിരിച്ചടികള്‍ ഉണ്ടായില്ലെങ്കിലും വോട്ടുവിഹിതത്തില്‍ കാര്യമായ ഇടിവുണ്ടായി.