തിരുവനന്തപുരം: സംസ്ഥാനത്തിന്റെ നികുതി വിഹിതം കുറഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനം കൃത്യമായി കേന്ദ്രത്തിന് വിഹിതം നല്‍കുന്നുണ്ട്. എന്നാല്‍ അര്‍ഹതപ്പെട്ട നികുതി വിഹിതം കേന്ദ്രം സംസ്ഥാനത്തിന് നല്‍കുന്നില്ല. ആയിരക്കണക്കിന് കോടി രൂപയുടെ കുറവാണ് ഇതില്‍ വന്നിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പാറപ്രം റെഗുലേറ്റര്‍ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതാണ് കേന്ദ്രത്തിന്റെ നിലപാട്. സ്‌കൂള്‍, ആശുപത്രി, ജലസേവനം, റോഡുകള്‍ ഉള്‍പ്പെടെയുള്ളവയുടെ വികസനത്തിന് പണം വേണം. ബജറ്റിനെ കാത്തുനിന്നാല്‍ വികസനം നീണ്ടു പോകും. അതിനാണ് കിഫ്ബി വഴി പണം ഉണ്ടാക്കിയത്. എന്നാല്‍ കേന്ദ്രം ഇപ്പോള്‍ പറയുന്നത് കിഫ്ബി വഴി എടുക്കുന്ന പണം വായ്പയായി കണക്കാക്കുമെന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു.