തിരുവനന്തപുരം: പ്രതിപക്ഷത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. നാടു കുട്ടിച്ചോറായാലും സര്‍ക്കാരിനെ എതിര്‍ത്താല്‍ മതിയെന്ന നിലപാടിലാണ് അവരെന്നും ദൗര്‍ഭാഗ്യവശാല്‍ പ്രതിപക്ഷം നല്ല നിലയ്ക്കല്ല നീങ്ങുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
സര്‍ക്കാരിനെ എതിര്‍ക്കുന്നതു ന്യായമാണ്. എന്നാല്‍ സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ തുരങ്കം വെയ്ക്കാനും എതു നടപടിയേയും തെറ്റായി വ്യാഖ്യാനിച്ച് വികൃതമാക്കാനുമാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. നാടിന്റെ വികസനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ നടപടികളെയും പ്രതിപക്ഷം എതിര്‍ത്തു. നാടു കുട്ടിച്ചോറായാലും സര്‍ക്കാരിനെ എതിര്‍ത്താല്‍ മതിയെന്ന നിലപാടിലാണ് അവരെന്നും മുഖ്യമന്ത്രി പറഞ്ഞു.
കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കുമെന്നു കേട്ടിട്ടുണ്ട്. പ്രതിപക്ഷം ഇവിടെ പക്ഷേ പാല് കറക്കാനാണ് ഓടുന്നത്. ഇതുവരെ ഉന്നയിച്ച ഒരു ആരോപണവും ക്ലച്ച് പിടിച്ചിട്ടില്ല. ആ ജാള്യം മറച്ചു വെയ്ക്കാനും എന്തെങ്കിലും ചെയ്ത് സര്‍ക്കാരിനെ ആക്രമിക്കാനുമാണ് പ്രതിപക്ഷം മുതിരുന്നത്. വാര്‍ത്താസമ്മേളനം വിളിച്ച് എന്തെങ്കിലും ആരോപിക്കുക, കുറച്ചു ദിവസം അതിന്റെ പിന്നാലെ പോയി പിന്നെ വാക്കുകള്‍ വളച്ചൊടിച്ചു തലയൂരുക. ഇതാണ് പ്രതിപക്ഷനേതാവ് നടത്തിപ്പോരുന്ന പ്രവര്‍ത്തനമെന്നും മുഖ്യമന്ത്രി പരിഹസിച്ചു.
ഞായറാഴ്ച അസാധാരണ പത്രസമ്മേളനം വിളിച്ച് പ്രതിപക്ഷനേതാവ് ആരോപണം ഉന്നയിക്കുമ്പോള്‍ സര്‍ക്കാരിനു വെറുതെയിരിക്കാനാവില്ല. വസ്തുതകളുമായി ഒരു തരത്തിലും പൊരുത്തപ്പെടാത്ത കാര്യങ്ങളാണ് പ്രതിപക്ഷനേതാവ് ആരോപണമായി ഉന്നയിച്ചത്. കിഫ്ബി എന്നത് മലര്‍പ്പൊടിക്കാരന്റെ സ്വപ്നമാണ്, ഉഡായിപ്പാണ് എന്നെല്ലാമാണു പ്രതിപക്ഷനേതാവ് പല വേദികളിലും പറഞ്ഞത്. എന്നാല്‍ ഇപ്പോള്‍ കിഫ്ബി അതിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങള്‍ നേടിത്തുടങ്ങിയപ്പോള്‍ അദ്ദേഹം മിണ്ടുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.