തിരുവനന്തപുരം: ചരിത്രത്തെ പുതിയ രീതിയില്‍ തിരുത്തുകയാണെന്നും ചരിത്രം ശരിയായ രീതിയില്‍ മനസിലാക്കുമ്പോള്‍ ചിലര്‍ അസ്വസ്ഥരാകുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. മതനിരപേക്ഷതയും ജനാധിപത്യവുമാണ് രാജ്യത്തിന്റെ നിലനില്‍പ്പിന് അടിസ്ഥാനം. എന്നാല്‍ സംരക്ഷിക്കാന്‍ ബാധ്യസ്ഥപ്പെട്ട ശക്തികള്‍ തന്നെ അതിന് ഭീഷണിയാകുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്‍ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്ത സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
രാജ്യത്ത് വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളില്‍ എന്ത് പഠിക്കണം എന്നതില്‍പോലും കേന്ദ്ര ഇടപെടലുണ്ട്. മഹാത്മാഗാന്ധിയെ കുറിച്ചുള്ള ഭാഗം വേണ്ടെന്നു പറഞ്ഞു. ഗാന്ധിജിയെ വധിച്ചത് ആരാണ് എന്ന് കുട്ടികള്‍ മനസിലാക്കുന്ന സ്ഥിതി വരും എന്നതിനാലാണിതെന്നും അദ്ദേഹം പറഞ്ഞു. ‘പൗരത്വ നിയമം കേരളത്തില്‍ നടപ്പാക്കില്ലെന്ന് നിലപാടെടുത്തു. അതില്‍ ചിലര്‍ സംശയം പ്രകടിപ്പിച്ചു. നടപ്പാക്കില്ല എന്നാല്‍ നടപ്പാക്കില്ല എന്ന് തന്നെയാണ് അര്‍ത്ഥം. ഭരണഘടനാ വിരുദ്ധമായി നിയമം നിര്‍മ്മിക്കാനാകില്ല. അതുകൊണ്ടുതന്നെയാണ് കേരളം ഈ നിലപാട് സ്വീകരിച്ചത്,’ മുഖ്യമന്ത്രി വ്യക്തമാക്കി.