കൊല്ലം : എൻഎസ്എസും ഇടതുപക്ഷവും ശത്രുപക്ഷത്തിലാണെന്ന പ്രതീതി സൃഷ്ടിക്കാനാണു ശ്രമമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അങ്ങനെ ശത്രുപക്ഷത്തുള്ളവരല്ല എൻഎസ്എസ് എന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊല്ലത്തെത്തിയപ്പോൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു.
3 ചോദ്യങ്ങളാണ് എൻഎസ്എസ് ചോദിച്ചത്. ആദ്യ ചോദ്യം മന്നം ജയന്തി നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധി ആക്കാത്തതെന്ത്..? എന്നായിരുന്നു. ഇത് സംസ്ഥാന സർക്കാർ ഗൗരവമായി പരിഗണിച്ചിരുന്നു. കൂടുതൽ ദിവസം അവധി നൽകുന്നതിൽ നിയമപരമായ തടസ്സമുണ്ട്. ഇതു മാറ്റിക്കിട്ടാനായി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.
15 ദിവസത്തിൽ കൂടുതൽ അവധി പാടില്ല. അതുകൊണ്ട് ആവശ്യം അനുവദിക്കാൻ പാടില്ല എന്നാണു റിസർവ് ബാങ്കിൽനിന്ന് 2018 ഒക്ടോബറിൽ അറിയിച്ചത്. അല്ലാതെ സർക്കാർ എന്തെങ്കിലും വിരോധ നിലപാട് സ്വീകരിച്ചതല്ല. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല എന്നതാണ് രണ്ടാം ചോദ്യം. മുന്നാക്ക സമുദായത്തിനുള്ള സംവരണം കേരളത്തിൽ പ്രത്യേക രീതിയിൽ നടപ്പാക്കാൻ കഴിയുമെന്നു വന്നപ്പോൾ ആദ്യം എൽഡിഎഫ് സർക്കാരാണു ദേവസ്വം ബോർഡിൽ ഇതു നടപ്പാക്കിയത്. മുന്നോക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാൻ പെരുമാറ്റച്ചട്ടം മൂലമാണ് കഴിയാതിരുന്നത്. ഇപ്പോൾ പട്ടിക പ്രസിദ്ധീകരിക്കാൻ ഹൈക്കോടതി അനുമതി നൽകിയിട്ടുണ്ട്. ഒരു വിഭാഗങ്ങളുമായുള്ള ഏറ്റുമുട്ടലിനും എൽഡിഎഫ് പോകാറില്ല.