തിരുവനന്തപുരം: കേരളം ഭരിക്കുന്നത് പിണറായി വിജയനല്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു സംഘമാണ് കേരളത്തിലെ ഭരണം ഇപ്പോള്‍ നടത്തുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിനെ പൊതുമരാമത്ത് മന്ത്രി ഹൈജാക്ക് ചെയ്യുന്നു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കനത്ത പരാജയമുണ്ടായിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയാറാവാത്തത് വിചിത്രമാണ്. അഴിമതി ആരോപണങ്ങളിലും അദ്ദേഹം പ്രതികരിക്കുന്നില്ല. ഭീരുവിനെ പോലെ മുഖ്യമന്ത്രി ഒളിച്ചോടുകയാണ് ചെയ്യുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു.
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പരാജയം സി.പി.എമ്മിന്റെ തകര്‍ച്ചയുടെ തുടക്കമാണ്. ഉത്തമരായ കമ്യൂണിസ്റ്റുകാര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. സര്‍ക്കാറിന് താക്കീത് ചെയ്യാനാണ് അവര്‍ അങ്ങനെ ചെയ്തത്. ഉപതെരഞ്ഞെടുപ്പ് ഫലം സര്‍ക്കാറിന്റെ വിലയിരുത്തലാവുമെന്ന് പറഞ്ഞ എം.വി ഗോവിന്ദന്‍ പിന്നീട് നിലപാട് മാറ്റി.പിണറായിയുടെ കുഴലൂത്തുകാരനായാണ് എം.വി ഗോവിന്ദന്‍ പ്രവര്‍ത്തിക്കുന്നതെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.