മലപ്പുറം : രാജ്യം ഭരിക്കുന്ന മോദിയും സംസ്ഥാനം ഭരിക്കുന്ന ഇടതുപക്ഷ സര്‍ക്കാരും സംവരണം അട്ടിമറിക്കുന്നതിനായി മുന്നോട്ടു വെക്കുന്ന വാദമുഖങ്ങളെല്ലാം ആവര്‍ത്തനവും വിരസവും യുക്തിരഹിതവുമായ അഭ്യാസ പ്രകടനങ്ങള്‍ മാത്രമാണെന്ന് മുസ് ലിം ലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി പ്രസ്താവിച്ചു. മലപ്പുറത്ത് സമസ്ത ജില്ലാ കോ.ഓര്‍ഡിനേഷന്‍ കമ്മിറ്റി സംഘടിപ്പിച്ച സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ സമസ്ത ജില്ലാ ജന.സെക്രട്ടറി പുത്തനഴി മൊയ്തീന്‍ ഫൈസി അധ്യക്ഷത വഹിച്ചു.
ഭരണഘടനയുടെ അന്തസത്തയെ കളങ്കപ്പെടുത്തി രാജ്യത്തെ ജനാധിപത്യ പ്രക്രിയയെ നോക്കുകുത്തിയാക്കി ഏകപക്ഷീയമായി പാര്‍ലിമെന്റില്‍ പാസാക്കിയ മുന്നോക്ക സംവരണം നടപ്പിലാക്കുന്ന കാര്യത്തില്‍ ബി ജെ പി ഗവര്‍മെന്റുകളേക്കാള്‍ കൂടുതല്‍ കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍ കാണിച്ച താല്‍പ്പര്യം ആശ്ചര്യജനകവും നീഗൂഢവുമാണെന്നും അദ്ദേഹം പറഞ്ഞു. സംവരണ വിഷയത്തില്‍ പിന്നോക്കക്കാരെയും മുന്നോക്ക വിഭാഗത്തിലെ പിന്നോക്കക്കാരെയും ഒരുമിച്ച് വഞ്ചിക്കുന്ന കാപട്യമാണ് പുതിയ തീരുമാനം വഴി സംഭവിക്കാനിരിക്കുന്നത്.
മുന്നോക്ക സമുദായത്തിലെ പിന്നോക്കക്കാര്‍ക്ക് യഥാര്‍ത്ഥത്തില്‍ ഇതിന്റെ ഗുണഫലം ലഭിക്കാനിരിക്കുന്നില്ല. സാമ്പത്തിക മാനദണ്ഡവും സാമൂഹിക മാനദണ്ഡവും എങ്ങിനെയാണ് ഒരേ മാനദണ്ഡത്തിന്റെ അളവുകോലായി മാറുന്നതെന്ന് നടപ്പിലാക്കാന്‍ നേതൃത്വം നല്‍കിയവര്‍ക്കു പോലും വിശദീകരിക്കാനാവാത്ത വിരോധാഭാസമാണ്. പിന്നോക്ക സമുദായത്തിന്റെ ഭരണഘടനാദത്തമായ ആനുകൂല്യം കവര്‍ന്നെടുത്ത് സ്വര്‍ണ്ണക്കടത്തിലും ലഹരിക്കടത്തിലും പ്രതിചേര്‍ക്കപ്പെട്ട് ജയിലില്‍ അകപ്പെടുന്നതിന്റെ രാഷ്ട്രീയ പ്രത്യാഘാതത്തെ മറി കടക്കാമെന്നു കരുതുന്നത് മൗഢ്യമാണ്. സംവരണ വിരുദ്ധരുടെ പഴകിദ്രവിച്ച വിശദീകരണം കൊണ്ട് അട്ടിമറിക്കപ്പെട്ട സംവരണ വിരുദ്ധ നീക്കം ബോധ്യപ്പെടുത്താനാവില്ല.
അതിശക്തമായ സമരങ്ങള്‍ക്കും നിയമ പോരാട്ടങ്ങള്‍ക്കും വിജയം കാണും വരെ ഒരുമിച്ച് നേതൃത്വം നല്‍കാന്‍ പിന്നോക്ക വിഭാഗ സംഘടനകള്‍ കാണിച്ച ഐക്യം പ്രതീക്ഷാനിര്‍ഭരമാണ്. സമൂഹത്തിലെ ഭൂരിഭാഗം വരുന്ന പിന്നോക്ക സമുദായത്തിനും പോളിംഗ് ബൂത്തില്‍ മറ്റുള്ളവരെ പോലെ തന്നെ വിധി നിര്‍ണ്ണയത്തില്‍ പങ്കുവഹിക്കാനാവുമെന്ന് വരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ തെളിയിക്കുമെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എം പി പറഞ്ഞു.