ബംഗളൂരു: പ്രായമായ അമ്മയ്ക്കുവേണ്ടി വീല്‍ചെയര്‍ ആവശ്യപ്പെട്ട മലയാളി യാത്രക്കാരിയെ ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിനെതിരെ നടപടി. ഇന്‍ഡിഗോ 6E 806 പൈലറ്റായ ജയകൃഷ്ണയ്‌ക്കെതിരെയാണ് നടപടി. സുപ്രിയ ഉണ്ണി നായര്‍ എന്ന മലയാളി യാത്രക്കാരിയാണ് പൈലറ്റ് ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായി കാണിച്ച് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരിയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തത്.
ചെന്നൈയില്‍ നിന്ന് ജനുവരി 13ന് ബെംഗളൂരുവിലെത്തിയ ഇവര്‍ വിമാനത്തില്‍ നിന്നിറങ്ങാനായി 75 വയസ്സുള്ള പ്രമേഹരോഗിയായ അമ്മയ്ക്ക് വേണ്ടി വീല്‍ ചെയര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പൈലറ്റ് ജയകൃഷ്ണ മോശമായി പെരുമാറിയെന്നും ജയിലിലാക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും സുപ്രിയ ട്വിറ്ററില്‍ കുറിച്ചു. അമ്മയ്ക്കു വേണ്ടി ഇതിന് മുമ്പും വിമാനം ഇറങ്ങുമ്പോള്‍ വീല്‍ചെയര്‍ സഹായം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിമാന ജീവനക്കാര്‍ സഹകരിച്ചിട്ടുണ്ടെന്നും സുപ്രിയ വ്യക്തമാക്കുന്നു. സംഭവമറിഞ്ഞ ഉടന്‍ തന്നെ വിഷയത്തില്‍ ഇടപെട്ടെന്നും പൈലറ്റിനെ താല്‍ക്കാലികമായി ചുമതലയില്‍ നിന്ന് നീക്കിയതായി ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചെന്നും മന്ത്രി ഹര്‍ദീപ് സിങ് പുരി പ്രതികരിച്ചു. സംഭവത്തില്‍ തുടരന്വേഷണം ആരംഭിച്ചു.