തൃശൂർ : കൊടകരയിൽ കവർച്ച ചെയ്യപ്പെട്ട മൂന്നരക്കോടി രൂപ കടത്തിക്കൊണ്ടുവന്നത് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ, സംഘടനാ സെക്രട്ടറി എം.ഗണേശൻ, ഓഫിസ് സെക്രട്ടറി ജി.ഗിരീശൻ എന്നിവരുടെ അറിവോടെയെന്ന് പ്രത്യേക അന്വേഷണ സംഘം. കവർച്ച ചെയ്യപ്പെട്ട കാര്യവും ഇവർ അറിഞ്ഞു. കേസിലെ പരാതിക്കാരനായ ആർഎസ്എസ് നേതാവും ഹവാല ഇടപാടുകാരനുമായ ധർമരാജന്റെ മൊഴിയും ഫോൺ രേഖകളും ഉൾപ്പെടെയുള്ള തെളിവുകളുടെ അടിസ്ഥാനത്തിലാണിത്. ഈ വിവരങ്ങളുമായി അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചു. കവർച്ചയുമായി ബന്ധമുള്ള 22 പേരാണു പ്രതിപ്പട്ടികയിൽ. ഇതിൽ ബിജെപി നേതാക്കൾ ആരുമില്ല.
സുരേന്ദ്രൻ, ഗണേശൻ, ഗിരീശൻ എന്നിവർ ഉൾപ്പെടെ 19 ബിജെപി നേതാക്കളടക്കം ഇരുനൂറിലേറെ പേർ സാക്ഷിപ്പട്ടികയിലുണ്ട്. കെ. സുരേന്ദ്രന്റെ മകൻ ഹരികൃഷ്ണൻ, യുവമോർച്ച മുൻ സംസ്ഥാന ജനറൽ സെക്രട്ടറി സുജയ് സേനൻ, ബിജെപി മധ്യമേഖലാ ജനറൽ സെക്രട്ടറി കാശിനാഥൻ, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ.ആർ.ഹരി, പ്രസിഡന്റ് കെ.കെ.അനീഷ്കുമാർ, ഓഫിസ് സെക്രട്ടറി സതീഷ്, പണം കൈപ്പറ്റേണ്ടിയിരുന്ന ആലപ്പുഴ സംസ്ഥാന ട്രഷറർ ജി. കർത്താ എന്നിവർ സാക്ഷിപ്പട്ടികയിലുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ചട്ടവിരുദ്ധമായി ഉപയോഗിക്കാൻ കർണാടകയിൽ നിന്നു ബിജെപി നേതൃത്വത്തിന്റെ അറിവോടെ കടത്തിക്കൊണ്ടുവന്നതാണു പണമെന്നു കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. കോഴിക്കോടു നിന്നു വരുന്ന വഴി തൃശൂരിൽ വെച്ച് 6.25 കോടി രൂപ ബിജെപി നേതാക്കൾക്കു കൈമാറിയെന്നും ബാക്കി 3.5 കോടിയിലേറെ രൂപയുമായി ആലപ്പുഴയിലേക്കു പോകുന്നതുവഴിയാണു കവർച്ചയെന്നും കുറ്റപത്രത്തിലുണ്ട്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ കേസിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ.ഉണ്ണികൃഷ്ണന്റെ നിയമോപദേശം കൂടി സ്വീകരിച്ച ശേഷമാണ് ഇന്നലെ ഇരിങ്ങാലക്കുട കോടതിയിൽ കുറ്റപത്രം നൽകിയത്.