ചുങ്കപ്പാറ : കോട്ടാങ്ങല്‍ പഞ്ചായത്തിലെ പാടിമണ്‍, കോട്ടാങ്ങല്‍, ചുങ്കപ്പാറ ജേക്കബ്സ് റോഡിലെ ഗുണനിലവാരം കുറഞ്ഞ ജലവിതരണ പൈപ്പുകള്‍ മാറ്റി സ്ഥാപിക്കണമെന്ന് കോട്ടാങ്ങല്‍ ലോക്കല്‍ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ജേക്കബ്സ് റോഡ് ഉന്നത നിലവാരത്തില്‍ പണികള്‍ പൂര്‍ത്തീകരിച്ചപ്പോള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള പൈപ്പുകള്‍ മാറ്റിയിരുന്നില്ല. കാല പഴക്കമുള്ള ആസ്ബസ്റ്റോപ്പ് പൈപ്പുകളാണിവ. ജലസംഭരണിയില്‍ നിന്നും പൂര്‍ണ്ണതോതില്‍ വെള്ളം തുറന്നു വിടുമ്പോള്‍ പൈപ്പുകള്‍ പലയിടത്തും പൊട്ടി വെള്ളം പാഴാകുകയാണ്. ഇതു പരിഹരിക്കുവാന്‍ അധികൃതര്‍ തയ്യാറാകാത്ത പക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഒ.പി.എ സാലാം സമ്മേളനം ഉദ്ഘാടനം ചെയ്തു. ഇ.എം നജീബ് കുടുംബ സഹായ ഫണ്ട് അടൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ ഡി.സജിയും മുന്‍ നേതാക്കന്‍മാരെ ആദരിക്കല്‍ മണ്ഡലം സെക്രട്ടറി കെ സതീശും നിര്‍വ്വഹിച്ചു. ജില്ലാ കൗണ്‍സിലംഗങ്ങളായ അഡ്വ.മനോജ് ചരളേല്‍, ടി.ജെ ബാബുരാജ്, അനീഷ് ചുങ്കപ്പാറ, മണ്ഡലം സെക്രട്ടേറിയറ്റംഗം സന്തോഷ് കെ.ചാണ്ടി, എ.ഐ.ടി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്‍റ് ഹാപ്പി പ്ലാച്ചേരി, അലിയാര്‍ കാച്ചാണില്‍, കെ.ആര്‍ കരുണാകരന്‍, സി.എച്ച് ഫസീലാബീവി, ഇല്ല്യാസ്മോന്‍, എം.എ ഷാജി, ശോഭന കുമാരി, ജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.എസ്. ഷാജി, ടി.എസ് അജീഷ്, ഉഷാ ശ്രീകുമാര്‍ എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. സെക്രട്ടറിയായി പി.പി സോമനേയും അസി.സെക്രട്ടറിയായി നവാസ്ഖാനേയും തെരഞ്ഞെടുത്തു.