കടുത്തുരുത്തി : കേരള കോണ്‍ഗ്രസ് പി.ജെ ജോസഫ്- പി.സി തോമസ് വിഭാഗങ്ങള്‍ ലയിച്ചു. കടുത്തുരുത്തിയില്‍ നടന്ന യു.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പി.സി തോമസ് വിഭാഗം പങ്കെടുത്തതോടെയാണ് ലയനം യാഥാര്‍ഥ്യമായത്.
പി.സി തോമസ് വിഭാഗവുമായി ചേര്‍ന്നതോടെ ജോസഫ് ഗ്രൂപ്പിന്റെ തെരഞ്ഞെടുപ്പ് ചിഹ്ന പ്രതിസന്ധിക്ക് പരിഹാരമാകും. ജോസഫ് വിഭാഗത്തിന് കേരളാ കോണ്‍ഗ്രസ് എന്ന പേര് ലഭിക്കും. സൈക്കിള്‍ ചിഹ്നത്തിനായി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് നല്‍കുമെന്ന് നേതാക്കള്‍ അറിയിച്ചു. പി.ജെ. ജോസഫ് പാര്‍ട്ടി ചെയര്‍മാനും പി.സി. തോമസ് ഡെപ്യൂട്ടി ചെയര്‍മാനുമാകും. മോന്‍സ് ജോസഫാകും വൈസ് ചെയര്‍മാന്‍.
ഇരുപാര്‍ട്ടിയിലെയും നേതാക്കള്‍ പലഘട്ടങ്ങളിലായി ലയനം സംബന്ധിച്ച് രഹസ്യ ചര്‍ച്ചകള്‍ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം വരെ എന്‍.ഡി.എ പരിപാടികളിലെത്തിയ പി.സി. തോമസ് സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുന്നണി വിടാന്‍ തീരുമാനിക്കുകയായിരുന്നു.
എന്‍.ഡി.എയുടെ കേരളത്തിലെ ആദ്യ എം.പിയാണ് പി.സി തോമസ്. 2004ല്‍ മൂവാറ്റുപുഴയില്‍ എല്‍.ഡി.എഫിനെയും യു.ഡി.എഫിനെയും അട്ടിമറിച്ചാണ് പി.സി തോമസ് ലോക്സഭയിലെത്തിയത്.
മൂവാറ്റുപുഴയില്‍ ജോസ് കെ. മാണിയെ സ്ഥാനാര്‍ഥിയാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.എം മാണിയോട് ഇടഞ്ഞാണ് പി.സി തോമസ് കേരള കോണ്‍ഗ്രസ് വിട്ടത്. അന്ന് ജോസ് കെ. മാണി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും ബി.ജെ.പി സഹകരിച്ചില്ലെന്ന് അദ്ദേഹം പരാതിപ്പെട്ടിരുന്നു.