തൊടുപുഴ : ജംബോ ഭാരവാഹി ലിസ്റ്റ് കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ അടിത്തൂണുകള്‍ ഇളക്കുന്നു. വളരുന്തോറും പിളരുന്ന കേരളാ കോണ്‍ഗ്രസ് വീണ്ടും പിളരാന്‍ സാധ്യതയേറി. പിളര്‍ന്നുണ്ടാകുന്ന കുഞ്ഞും യു.ഡി.എഫില്‍ത്തന്നെ വളരുമെന്ന് നേതാക്കള്‍. പാര്‍ട്ടിയില്‍ കൂടിയാലോചന ഇല്ലെന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആരോപണം. വേണ്ടത്ര ആലോചനയില്ലാതെ സെക്രട്ടറി ജനറല്‍ നോട്ടീസ് നല്‍കി പ്രഖ്യാപിച്ച ഭാരവാഹികളെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി നാലു മുതിര്‍ന്ന നേതാക്കള്‍ തിങ്കളാഴ്ച ചെയര്‍മാന്‍ പി.ജെ ജോസഫിനെ കാണും.
മുന്‍ എം.പി ഫ്രാന്‍സിസ് ജോര്‍ജ്ജ് , മുന്‍ എംഎല്‍എമാരായ ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍, വൈസ് ചെയര്‍മാനായി പ്രഖ്യാപിച്ച അറയ്ക്കല്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് തിങ്കളാഴ്ച വിയോജിപ്പുകള്‍ വ്യക്തമാക്കി പി.ജെ ജോസഫിനെ കാണാന്‍ തീരുമാനിച്ചിട്ടുള്ളത്. ഡെപ്യൂട്ടി ചെയര്‍മാന്‍മാരായി പ്രഖ്യാപിച്ചിട്ടും നേതൃത്വത്തോടുള്ള വിയോജിപ്പുകാരണം പദവി ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല എന്നത് പിളര്‍പ്പിലേക്കുള്ള സൂചനയായി വേണം കാണുവാന്‍.
പാര്‍ട്ടിയില്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ കൈക്കൊള്ളുന്ന എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ്, സെക്രട്ടറി ജനറല്‍ ജോയി എബ്രഹാം എന്നിവരോടുള്ള ശക്തമായ വിയോജിപ്പും നേതാക്കള്‍ ചെയര്‍മാനെ അറിയിക്കും. മോന്‍സിനും ജോയിക്കും പിജെ ജോസഫ് പൂര്‍ണ പിന്തുണയാണ് നല്‍കുന്നത്, ഇതില്‍ വിമതര്‍ക്ക് ശക്തമായ അമര്‍ഷമാണ് ഉള്ളത് .
യൂത്ത് ഫ്രണ്ട് ഉള്‍പ്പെടെയുള്ള പോഷക സംഘടനകളും കോട്ടയം ഉള്‍പ്പെടെയുള്ള ഭൂരിഭാഗം ജില്ലാ കമ്മിറ്റികളും ഫ്രാന്‍സിസ് ജോര്‍ജിന്റെ നേതൃത്വം ആഗ്രഹിക്കുന്നവരാണ്. ഈ സാഹചര്യത്തില്‍ കേരള കോണ്‍ഗ്രസില്‍ പി.ജെ ജോസഫിനൊപ്പം തുടരുന്നത് സാധ്യമല്ലെന്ന കടുത്ത നിലപാടിലാണ് ഫ്രാന്‍സിസ് ജോര്‍ജും ജോണി നെല്ലൂരും തോമസ് ഉണ്ണിയാടനും മറ്റു മുതിര്‍ന്ന നേതാക്കളും. ഇവര്‍ ചേര്‍ന്ന് പുതിയ കേരള കോണ്‍ഗ്രസ് രൂപീകരിച്ച് യുഡിഎഫില്‍ തന്നെ തുടരാനാണ് സാധ്യത.
പാര്‍ട്ടി അണികളിലും ഭാരവാഹികളിലും ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ ഫ്രാന്‍സിസ് ജോര്‍ജിനും കൂട്ടര്‍ക്കുമാണ്. പ്രവര്‍ത്തകരുടെ പിന്തുണയും പൊതു സമൂഹത്തിന്റെ അംഗീകാരവും ഉള്ളവരെയായിരിക്കണം ഭാരവാഹികളാക്കേണ്ടത് എന്ന നിലപാട് ഇവര്‍ നേരത്തെ പിജെ ജോസഫിനെ അറിയിച്ചിരുന്നതാണ്. ജംബോ ലിസ്റ്റ് പാടില്ലെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലോക ചരിത്രത്തില്‍ ഒരു പാര്‍ട്ടിക്കും ഇല്ലാത്തവിധമുള്ള ഭാരവാഹി ലിസ്റ്റാണ് കഴിഞ്ഞ ഏതാനും ആഴ്ചകളായി പുറത്തിറങ്ങിക്കൊണ്ടിരിക്കുന്നത്.
ചെയര്‍മാനു പുറമെ വര്‍ക്കിംങ്ങ് ചെയര്‍മാനും മുമ്പ് ഏക ഡെപ്യൂട്ടി ചെയര്‍മാനായിരുന്നത് മൂന്നാക്കിയുമാണ് പ്രഖ്യാപനം ഉണ്ടായത്. മാത്രമല്ല, സെക്രട്ടറി ജനറലായ ജോയ് എബ്രാഹത്തിനും താഴെയാണ് ഡെപ്യൂട്ടി ചെയര്‍മാന്‍മാരുടെ സ്ഥാനം. ഈ പദവിയിലേയ്ക്ക് പ്രഖ്യാപിച്ച ജോയ് എബ്രഹാമിനെക്കാള്‍ ജനകീയനും സീനിയറുമായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്, ജോണി നെല്ലൂര്‍, തോമസ് ഉണ്ണിയാടന്‍ എന്നിവര്‍ പദവി ഏറ്റെടുക്കില്ലെന്ന് നേരത്തെ ജോസഫിനെ അറിയിച്ചിരുന്നതാണ്. അതിനെ തുടര്‍ന്നുള്ള സംഭവ വികാസങ്ങളാണ് പാര്‍ട്ടിയിലെ പിളര്‍പ്പിലേയ്ക്ക് നീങ്ങുന്നത്.
ഏറ്റവും ഒടുവില്‍ 82 ജനറല്‍ സെക്രട്ടറിമാരെ പ്രഖ്യാപിച്ചതാണ് ജോസഫ് വിഭാഗത്തില്‍ അവസാനത്തെ പ്രകോപനത്തിനു കാരണം. ജനറല്‍ സെക്രട്ടറിമാരുടെ എണ്ണം 25 -ല്‍ കവിയരുതെന്ന് നേതാക്കള്‍ നേരത്തേ തന്നെ ജോസഫിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരോടും ആലോചിക്കാതെ ജോസഫും മോന്‍സും ജോയി എബ്രഹാമും ചേര്‍ന്ന് ഏകപക്ഷീയമായി ഭാരവാഹികളെ പ്രഖ്യാപിച്ചത് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായി. 25 -ല്‍ ഒതുങ്ങില്ലെന്ന് കണ്ടപ്പോള്‍ പിന്നീട് ഭാരവാഹി പ്രഖ്യാപനം സോഷ്യല്‍ മീഡിയ വഴി തരംഗമായി മാറുന്നതാണ് പ്രവര്‍ത്തകര്‍ കണ്ടത്.
അത് ഒന്നാം തരംഗത്തില്‍ 55 -ഉം രണ്ടാം തരംഗത്തില്‍ ഇതുവരെ 82 -ഉം എത്തി നില്‍ക്കുകയാണെന്നാണ് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറയുന്നത്. മാത്രമല്ല, മൂന്നാം തരംഗത്തെ കോവിഡ് പോലെതന്നെ അതീവ ഭീതിയോടെയാണ് മുതിര്‍ന്ന നേതാക്കള്‍ കാണുന്നത്. തങ്ങളുടെ സഹ ഭാരവാഹികളായ ജനറല്‍ സെക്രട്ടറിമാര്‍ ആരൊക്കെയെന്നത് ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് മുതിര്‍ന്ന നേതാക്കള്‍പോലും അറിയുന്നത്. കഴിഞ്ഞ വര്‍ഷം പാര്‍ട്ടിയിലെത്തിയ പ്രാദേശിക പ്രവര്‍ത്തകര്‍ പോലും ജനറല്‍ സെക്രട്ടറിയാണത്രെ.
രാജ്യത്തിന്റെ ശാപമായ 100 കടന്ന പെട്രോള്‍ വിലയേയും കടത്തി വെട്ടാനാണ് കേരള കോണ്‍ഗ്രസിന്റെ ശ്രമമെന്നാണ് മറ്റൊരു മുതിര്‍ന്ന നേതാവ് പ്രതികരിച്ചത്. എന്നതായാലും പിജെ ജോസഫിനും കേരള കോണ്‍ഗ്രസിനും ശനിയുടെ അപഹാരമാണെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്.