തിരുവല്ല : നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ലയില്‍ മത്സരിക്കണമെന്ന് തന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പ്രൊഫസര്‍ പി.ജെ കുര്യന്‍. എന്നാല്‍ താനിതുവരെ ഈ ആവശ്യത്തോട് പ്രതികരിച്ചിട്ടില്ലെന്നും അദ്ദേഹം ഫെയ്സ് ബുക്കിലൂടെ പ്രതികരിച്ചു.
ഫെയിസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
വ്യാജപ്രചരണം
—————————–
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ തിരുവല്ല അസംബ്ലി നിയോജക മണ്ഡലത്തില്‍ മത്സരിക്കുവാന്‍ ഞാന്‍ സഭാ നേതൃത്വവുമായി ചര്‍ച്ച ചെയ്തുവെന്നും പിന്തുണ ഉറപ്പാക്കിയെന്നും മറ്റും ചില
വ്യാജ പ്രചരണങ്ങള്‍ എന്റെ ശ്രദ്ധയില്‍പ്പെട്ടു. അത്തരം
ഒരു ചര്‍ച്ചയും ഞാന്‍
ആരോടും നടത്തിയിട്ടില്ലായെന്ന്‍ വ്യക്തമാക്കട്ടെ. തിരുവല്ലയില്‍ മത്സരിക്കണമെന്ന്‍ എന്നോട് പലരും ആവശ്യപ്പെട്ടിട്ടുണ്ട് എന്നത് ശരിയാണ്. പക്ഷെ ഞാന്‍ ആ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഞാന്‍ കോണ്‍ഗ്രസ് നേതൃത്വത്തോട് സീറ്റ് ആവശ്യപ്പെട്ടിട്ടുമില്ല. വിജയ സാധ്യതയുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്തണമെന്നും ആ സ്ഥാനാര്‍ത്ഥിയെ ഞാന്‍ പിന്തുണയ്ക്കുമെന്നുമാണ് കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുള്ളത്.
ഞാനറിയാതെ എന്നെ സ്ഥാനാര്‍ത്ഥിയാക്കി മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്ന ചിലരുടെ നടപടി ശരിയല്ലായെന്ന്‍ വ്യക്തമാക്കട്ടെ.
—————————————————————————————————
വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്റെ പേര് തിരുവല്ല മണ്ഡലത്തില്‍ പലപ്പോഴും ഉയര്‍ന്നുവരുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസിലും യു.ഡി.എഫിലും കടുത്ത എതിര്‍പ്പ് ഇക്കാര്യത്തിലുണ്ട്. കോണ്‍ഗ്രസിലെ ചില നേതാക്കള്‍ മാത്രമാണ് പിന്തുണയുമായി കുര്യന്റെ കൂടെയുള്ളത്. പി.ജെ കുര്യന്റെ കൃപാകടാക്ഷത്തിലാണ് പലര്‍ക്കും സ്ഥാനമാനങ്ങളും നേട്ടങ്ങളും ലഭിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ പി.ജെ കുര്യന്റെ മനസ്സറിഞ്ഞ് ഈ നേതാക്കള്‍ ഇപ്പോള്‍ കൂടെ നില്‍ക്കുകയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി പി.ജെ കുര്യന്‍ തിരുവല്ല മണ്ഡലത്തില്‍ മത്സരിച്ചാല്‍ എല്‍.ഡി.എഫിന് അത് വലിയ നേട്ടമാകും എന്നുറപ്പാണ്. മാര്‍ത്തോമ്മാ സഭയുടെ പിന്തുണ പി.ജെ കുര്യന്‍ അവകാശപ്പെട്ടാലും അതില്‍ ഒരു കഴമ്പും ഉണ്ടാകില്ല. കാരണം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സഭ ഇടപെടാറില്ല. തന്നെയുമല്ല സഭ പറഞ്ഞാലോ ഇടയലേഖനം വായിച്ചാലോ വോട്ടുകള്‍ മാറിമറിയാറുമില്ല. അതിലും പ്രധാനം നിലവിലുള്ള തിരുവല്ല എം.എല്‍.എ മാത്യു റ്റി.തോമസ് മാര്‍ത്തോമ്മാ സഭയിലെ സീനിയര്‍ വൈദികന്റെ മകനുമാണ്. മാര്‍ത്തോമ്മാ വിശ്വാസികള്‍ക്കിടയില്‍ പി.ജെ കുര്യനെക്കാള്‍ സ്വാധീനമുള്ളത് മാത്യു റ്റി.തോമസിനു തന്നെയാണ്. അതുകൊണ്ടുതന്നെ മാത്യു റ്റി.തോമസും പി.ജെ.കുര്യനും തമ്മില്‍ മത്സരിച്ചാല്‍ പ്രൊഫസര്‍ പി.ജെ.കുര്യന് ദയനീയ പരാജയം ഏറ്റുവാങ്ങേണ്ടിവരും.
ഉയര്‍ന്ന പദവിയിലിരുന്നിട്ടുള്ള പി.ജെ കുര്യന്റെ നോട്ടം കേരളത്തിന്റെ മുഖ്യമന്ത്രി കസേരതന്നെയാണ്. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും കഴിഞ്ഞാല്‍ മൂന്നാമനാകുക. അതിനുവേണ്ടിയുള്ള ശ്രമത്തിന്റെ ഭാഗമാണ് തന്റെ പേര് മറ്റുള്ളവരെക്കൊണ്ട് ഉയര്‍ത്തിക്കാട്ടുന്നത്. എന്നാല്‍ ജില്ലയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ക്കൊഴികെ മറ്റാര്‍ക്കുംതന്നെ പി.ജെ കുര്യന്‍ മത്സരരംഗത്ത് വരുന്നതിനോട് താല്‍പ്പര്യമില്ല. അധികാരത്തിന്റെ സുഖസൗകര്യങ്ങള്‍ ആവോളം ആസ്വദിച്ചിട്ടുള്ള പി.ജെ കുര്യന്‍ ഇനിയും ഒന്നു മാറിനില്‍ക്കരുതോ എന്നാണ് സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ചോദ്യം. രാജ്യസഭാ ഉപാധ്യക്ഷസ്ഥാനം വരെ നല്‍കിയിട്ടുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയെ പി.ജെ കുര്യന്‍ സ്നേഹിക്കുന്നുണ്ടെങ്കില്‍ ഇനിയുള്ള കാലം പാര്‍ട്ടി വളര്‍ത്താന്‍ പണിയെടുക്കട്ടെ എന്നാണ് യുവനിരയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പില്‍ പോലും പി.ജെ കുര്യന്റെ നാട്ടില്‍ കോണ്‍ഗ്രസ് ദയനീയമായി പരാജയപ്പെട്ടു. പി.ജെ കുര്യന്റെ കോലം മല്ലപ്പള്ളിയില്‍ നടുറോഡിലിട്ട് കത്തിച്ചത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെയാണ്. പി.ജെ കുര്യന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്നല്ല..പൊട്ടിക്കുമെന്നുതന്നെയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ശപഥം.