കോഴിക്കോട് : സിപിഎം നടത്തിയ ഡല്‍ഹി കലാപ ഫണ്ട്, അഭിമന്യു ഫണ്ട് എന്നിവയില്‍ തിരിമറികള്‍ നടന്നിട്ടുണ്ടെന്ന ആരോപണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് രംഗത്ത്. ഈ രണ്ടു ഫണ്ടു പിരിവുകളിലും പരാതി നല്‍കുമെന്നും പിണറായി വിജയനെതിരെയും കോടിയേരി ബാലകൃഷ്ണനെതിരെയും പോലീസ് കേസെടുക്കുമോയെന്ന് കണ്ട് അറിയാമെന്നും പി.കെ ഫിറോസ് പറഞ്ഞു.
കത്വ ഫണ്ട് വെട്ടിപ്പ് കേസിലെ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നു. കാരണം സിപിഎമ്മിനെ സംബന്ധിച്ച് അവര്‍ക്ക് നല്‍കാന്‍ പറ്റിയ ഏറ്റവും ചെറിയ ശിക്ഷയാണ് ഈ കേസ്. സാധാരണനിലയില്‍ സിപിഎമ്മിനെതിരെ ആരെങ്കിലും രംഗത്ത് വന്നാല്‍ അവര്‍ക്ക് വധശിക്ഷയാണ് വിധിക്കാറുള്ളത്. നമുക്ക് ചരിത്രം അറിയാം. അങ്ങനെ നോക്കുമ്പോള്‍ ഏറ്റവും ചെറിയ ശിക്ഷയായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അവര്‍ അതില്‍ മുന്നോട്ട് പോകട്ടെ.’
ഒരു തെളിവും അടിസ്ഥാനവുമില്ലാതെയാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഞങ്ങളും ഒരു കേസ് കൊടുക്കാന്‍ പോകുകയാണ്. ഡല്‍ഹി കലാപ ഫണ്ടും അഭിമന്യു ഫണ്ടും സിപിഎം വ്യാപകമായി നടത്തിയിട്ടുണ്ട്. ഇതില്‍ തിരിമറിയും നടന്നിട്ടുണ്ട്. പരാതി നല്‍കാന്‍ തന്നെയാണ് തീരുമാനം. ഒരു വെള്ള കടലാസില്‍ പരാതി എഴുതി കൊടുത്താല്‍ കേസെടുക്കുമെങ്കില്‍ പിണറായി വിജയനെതിരെയും കോടിയേരിക്കെതിരെയും കേസെടുക്കട്ടേ. ഇതോടെ എന്താണ് പോലീസിന്റെ നിലപാടെന്ന് വ്യക്തമാകുമല്ലോ. സിപിഐമ്മിനും പോലീസിനും ചെയ്യാന്‍ പറ്റുന്നത് അവര്‍ ചെയ്യട്ടേ. ഞങ്ങളെ കൊണ്ട് പറ്റുന്നത് ഞങ്ങളും ചെയ്യും. നിയമപോരാട്ടം തുടരുമെന്ന് പി.കെ.ഫിറോസ് അറിയിച്ചു.