തിരുവനന്തപുരം : പികെ കൃഷ്ണദാസിനെ ബിജെപി ദേശീയ ചുമതലയിൽ നിന്ന് നീക്കി. വി മുരളീധരന് കൃഷ്ണദാസ് വഹിച്ചിരുന്ന തെലങ്കാനയുടെ ചുമതല നൽകി. എപി അബ്ദുള്ള കുട്ടിയ്ക്ക് ലക്ഷദ്വീപിന്റെ ചുമതലയും നൽകി. തമിഴ്‌നാട്ടിൽ നിന്നുള്ള രാധാകൃഷ്ണനാണ് കേരളത്തിന്റെ ചുമതല. അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ആവശ്യപ്പെട്ടുവെന്നുള്ളതാണ് ബിജെപി കേന്ദ്ര നേതൃത്വം വിശദീകരിക്കുന്നത്.
മാറ്റവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ബിജെപിയിൽ വിവാദങ്ങൾ ഉയർന്നു വന്നിരുന്നു. അബ്ദുള്ള കുട്ടി ഉൾപ്പെടെയുള്ളവരെ തെരഞ്ഞെടുത്തതിനെതിരെ വിമർശനങ്ങൾ ശക്തമായി ഉയർന്നു വരികയും ചെയ്തിരുന്നു. ഈ ഘട്ടത്തിലും കൃഷ്ണദാസ് ദേശീയ ഭാരവാഹി പട്ടികയിൽ തുടരുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ, അതിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഇപ്പോൾ തീരുമാനമുണ്ടായിരിക്കുന്നത്.